രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചതിനെ തുടർന്ന് സാധാരണ ജനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ സംസ്ഥാനതലത്തിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ പൊതുവേ പെട്രോളിയം ഉത്പന്നങ്ങൾക്ക് ഉയർന്ന വിലയാണുള്ളതെന്നും, എല്ലാ വശങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും ഉയർത്തിയിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ പുതിയ വിലവർധന പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് വർധന ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലുമുള്ള പുതിയ ഇന്ധനവില ഉയർന്ന നിലയിലാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 110.75 രൂപയും ഡീസലിന്റെ വില 99.63 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28 രൂപയും ഡീസലിന് 98.14 രൂപയുമാണ് നിലവിലെ നിരക്ക്. സിഎൻജി വിലയും കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചിട്ടുണ്ട്.
