തിരഞ്ഞെടുപ്പ് കാലത്ത് എന്നെ വില്ലത്തിയാക്കി ; എം ലിജുവിനെതിരെ യു പ്രതിഭയുടെ പ്രതികരണം

കായംകുളം മുൻ എംഎൽഎ യു പ്രതിഭ മന്ത്രി എം ലിജുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിലല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും യു പ്രതിഭ ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.

“ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ത്രീയെ കുറിച്ച് പറയാവുന്നതിന്റെ പരമാവധി കാര്യങ്ങളാണ് മുഖമുള്ളവരും മുഖമില്ലാത്തവരും എനിക്കെതിരെ പറഞ്ഞത്. അനാവശ്യ ആരോപണങ്ങൾ എല്ലാം ഞാൻ കേട്ടിട്ടുണ്ട്. അതിനൊക്കെ ഉചിതമായ സമയത്ത് മറുപടി നൽകും. എനിക്ക് വേണ്ടപ്പെട്ടവരുടെ വീടുകളിൽ പോയി എനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചവരുമുണ്ട്,” യു പ്രതിഭ പറഞ്ഞു.

“എനിക്കൊപ്പം നിന്ന എല്ലാവരോടും എന്നും കടപ്പെട്ടിരിക്കും. വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ വിജയിച്ചവർ ആ നാട്ടിനുവേണ്ടി എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും” അവർ കൂട്ടിച്ചേർത്തു.

കായംകുളത്തിനായി താൻ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അഴിമതിയുടെ ഒരു കറപോലും തന്റെ കൈകളിൽ ഇല്ലെന്നും യു പ്രതിഭ അവകാശപ്പെട്ടു. “രണ്ട് തവണ പ്രതിഭ ജയിച്ചില്ലേ, ഇനി യുഡിഎഫിന് അവസരം നൽകണം എന്ന രീതിയിലായിരുന്നു പ്രചാരണം. അതിനൊപ്പം കള്ളപ്രചാരണങ്ങളും ശക്തമായി നടന്നു,” എന്നും അവർ പറഞ്ഞു.

അതേസമയം, തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്കൊടുവിൽ കായംകുളത്ത് ശ്രദ്ധേയ വിജയം നേടിയ എം ലിജു മന്ത്രിസഭയിലെത്തി. എക്സൈസ് വകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക