തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ഇടയാക്കിയ വിഷയങ്ങളിലൊന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ. അതിൽ ആദ്യം പരസ്യമായി പ്രതികരിച്ചവരിൽ നടി റിനി ആൻ ജോർജ്ജും ഉൾപ്പെട്ടിരുന്നു.
കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയതിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ റിനി ആൻ ജോർജ് പങ്കെടുത്തതും ശ്രദ്ധേയമായി. ചടങ്ങിൽ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം റിനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശക്തമായത്.
ചിത്രങ്ങൾ വൈറലായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. അഞ്ചുവർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും മുന്നോട്ടുവയ്ക്കാൻ പോകുന്ന “പുതിയ സരിത” റിനിയാണെന്ന തരത്തിലുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുകളും ചിലർ ഉയർത്തുന്നുണ്ട്.
ഇതിനിടെ, റിനി ആൻ ജോർജ് പ്രധാന വേദിയിലെത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയും തുറന്ന വിമർശനവുമായി രംഗത്തെത്തി. കഴിഞ്ഞ പത്ത് വർഷമായി പ്രസ്ഥാനത്തിനായി പ്രവർത്തിച്ച നിരവധി പ്രവർത്തകർ ദൂരെയിരുന്നു ചടങ്ങ് കാണുമ്പോൾ, ഒരു “യൂട്യൂബ് റീൽ മോഡൽ” മാത്രമായ വ്യക്തിയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് ക്ഷണിച്ചതെന്തിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
സമൂഹമാധ്യമങ്ങളിലെ ഈ വിമർശനങ്ങളും ചർച്ചകളും കോൺഗ്രസ് വൃത്തങ്ങളിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
