പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് സന്തോഷകരമായ കാര്യമായിരിക്കുമെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന സായിദ് അർഷാദ് മദനി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസ്താവനകളും ആക്രമണങ്ങളും വർധിക്കുന്നതിന്റെ പ്രധാന കാരണം പശുവിനെ ചുറ്റിപ്പറ്റിയുള്ള ധ്രുവീകരണ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശു സംരക്ഷകരുടെ പേരിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളും മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളും ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാനാകുമെന്നായിരുന്നു മദനിയുടെ വാദം. മതത്തിന്റെ പേരിൽ ഒരു മനുഷ്യജീവനും നഷ്ടപ്പെടരുതെന്നും വിദ്വേഷ രാഷ്ട്രീയത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണങ്ങളിൽ ഉള്ള വ്യത്യാസങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളിൽ പരസ്യമായി ബീഫ് വിൽക്കുമ്പോഴും മറ്റ് ചിലിടങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇതിനെ “ഭക്തിയല്ല, ഇരട്ടത്താപ്പും രാഷ്ട്രീയ തന്ത്രവുമാണ്” എന്ന് അദ്ദേഹം വിമർശിച്ചു.

ചില രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പ്രസ്താവനകളെ ഉദ്ധരിച്ച് വിഷയത്തിൽ ഇരട്ടത്താപ്പ് നിലനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ ബാധകമായ നിയമങ്ങൾ നടപ്പിലാക്കണമെന്നും, വിവേചനമില്ലാതെ അവ പ്രയോഗിക്കണമെന്നും മദനി ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക