സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി വിഡി സതീശൻ പൊതുഭരണം, ധനകാര്യം അടക്കം ആകെ 35 വകുപ്പുകളുടെ ചുമതല വഹിക്കും. നിയമം, തുറമുഖം, ആസൂത്രണം, ലോട്ടറി, ശാസ്ത്ര-സാങ്കേതികം, എയർപോർട്ടുകൾ, മെട്രോ റെയിൽ, റെയിൽവേ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്‌സ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, നുവാൽസ് തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ്.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും ഉൾപ്പെടെ കയര്‍, ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, ജയിൽ വകുപ്പ് എന്നീ ചുമതലകളും കൈകാര്യം ചെയ്യും.
പികെ കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പിന് പുറമേ ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാർട്ടപ്പ്, മൈനിങ് ആൻഡ് ജിയോളജി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് തുടങ്ങിയ അഞ്ച് വകുപ്പുകളും കൈകാര്യം ചെയ്യും.
കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് പാർലമെന്ററി കാര്യങ്ങൾ, പരിസ്ഥിതി, അനർട്ട് എന്നീ വകുപ്പുകളുടെ അധിക ചുമതലയും വഹിക്കും.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് പുറമേ മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, ഭക്ഷ്യസുരക്ഷ, ദേവസ്വം തുടങ്ങിയ വകുപ്പുകൾ കെ മുരളീധരൻ കൈകാര്യം ചെയ്യും.
