സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപി സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കും. ബി ബി ഗോപകുമാർ ആണ് ബിജെപിയുടെ സ്ഥാനാർഥിയെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.
ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ബി ബി ഗോപകുമാറിന്റെ പേര് സഭയിൽ ഔദ്യോഗികമായി നിർദേശിക്കുന്നത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നായിരിക്കും.
മൂന്ന് സീറ്റുകൾ നേടി ആദ്യമായി നിയമസഭയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച സാഹചര്യത്തിലാണ് സ്പീക്കർ തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള തീരുമാനം ബിജെപി കൈക്കൊണ്ടത്. ഇതുവരെ കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു ബിജെപി സ്ഥാനാർഥിയും സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
അതേസമയം, ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്പീക്കർ സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി എ.സി. മൊയ്തീൻ മത്സരിക്കും.
