പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാർ നടത്തുന്ന ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കായി ആവശ്യമായ തിരിച്ചറിയൽ രേഖകളുടെ പട്ടിക പുറത്തിറക്കി സംസ്ഥാന ഗതാഗത വകുപ്പ്. സ്ത്രീ ശാക്തീകരണവും പൊതുഗതാഗത സൗകര്യങ്ങളിലേക്കുള്ള പ്രവേശനവും ലക്ഷ്യമിട്ടുള്ള പദ്ധതി ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കാൻ സ്ത്രീകൾ സാധുവായ തിരിച്ചറിയൽ രേഖ കൈവശം വെക്കേണ്ടതുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഗതാഗത വകുപ്പ് അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ആധാർ കാർഡ്, EPIC കാർഡ്, ഗ്രാമീൺ തൊഴിലുറപ്പ് കാർഡ്, ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട്, ഫോട്ടോയോടുകൂടിയ പെൻഷൻ രേഖ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്ന സർവീസ് ഐഡി കാർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവ നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.
ഇതുകൂടാതെ പശ്ചിമ ബംഗാൾ സർക്കാർ അനുവദിച്ച മറ്റ് തിരിച്ചറിയൽ കാർഡുകളും സമീപകാല ഫോട്ടോയും അംഗീകരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. യാത്രാ സൗകര്യം പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട യാത്രചെയ്യുന്ന സ്ത്രീകൾ ഇവയിൽ ഏതെങ്കിലും രേഖ കാണിക്കണം.
പദ്ധതിയുടെ ഭാഗമായി ഓരോ വനിതാ ഗുണഭോക്താവിനും പേരും ഫോട്ടോയും ഉൾപ്പെടുത്തിയ ക്യുആർ കോഡോടുകൂടിയ ഡിജിറ്റൽ സ്മാർട്ട് കാർഡ് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അപേക്ഷകൾ ബന്ധപ്പെട്ട ബിഡിഒ/എസ്ഡിഒ ഓഫീസുകളിൽ സമർപ്പിക്കണം.
സ്മാർട്ട് കാർഡ് വിതരണം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭിക്കും. യോഗ്യതയുള്ള സർക്കാർ അതോറിറ്റി നൽകിയ ഫോട്ടോ ഐഡി അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തിരിച്ചറിയുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഐഡി പരിശോധനയ്ക്ക് ശേഷം ആവശ്യപ്പെട്ടാൽ ബസ് കണ്ടക്ടർ സ്ത്രീ യാത്രക്കാർക്ക് ‘സീറോ വാല്യൂ ടിക്കറ്റ്’ അല്ലെങ്കിൽ തെർമൽ പേപ്പർ ടിക്കറ്റ് നൽകുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
