ക്യൂബയ്ക്കെതിരായ യുഎസ് നീക്കങ്ങൾ അപലപിച്ച് സിപിഐഎം; റൗൾ കാസ്ട്രോയ്ക്ക് ഐക്യദാർഢ്യം

സിപിഐ എം കേന്ദ്രകമ്മറ്റി യോഗം ക്യൂബക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികളെയും ഇടപെടലുകളെയും അപലപിച്ച് പ്രമേയം പാസാക്കി. “ക്യൂബ ഒറ്റയ്ക്കല്ല – യുഎസ് ക്യൂബയിൽ നിന്ന് പിന്മാറുക” എന്ന തലക്കെട്ടിലാണ് ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രമേയം അവതരിപ്പിച്ചത്.

ക്യൂബൻ വിപ്ലവ നേതാവായ റൗൾ കാസ്ട്രോക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റപത്രം ചുമത്തിയ നടപടി നിയമവിരുദ്ധമാണെന്ന് സിപിഐഎം ആരോപിച്ചു. 1996ൽ ക്യൂബൻ വ്യോമാതിർത്തി ലംഘിച്ച മിയാമി ആസ്ഥാനമായുള്ള ‘ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ’ സംഘടനയുടെ വിമാനം വെടിവെച്ചിട്ട സംഭവത്തെ തുടർന്നാണ് യുഎസ് നടപടി സ്വീകരിച്ചതെന്ന് പ്രമേയത്തിൽ പറയുന്നു.

ക്യൂബയുടെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ തകർക്കാനും ഭരണമാറ്റം അടിച്ചേൽപ്പിക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. സാമ്രാജ്യത്വ ശക്തികൾക്ക് ക്യൂബയുടെ പ്രതിരോധ മനോഭാവത്തെ തകർക്കാനാകാത്തതിന്റെ നിരാശയാണ് ഇത്തരം രാഷ്ട്രീയ പ്രേരിത നീക്കങ്ങൾക്ക് പിന്നിലെന്നും പാർട്ടി വിമർശിച്ചു.

സാമ്പത്തിക ഉപരോധങ്ങൾ മൂലം ക്യൂബൻ ജനത വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ഏതൊരു സൈനിക ഇടപെടലും ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് സിപിഐഎം മുന്നറിയിപ്പ് നൽകി. സ്വന്തം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ക്യൂബൻ ജനത ശക്തമായി പോരാടുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക