മോദിയുടെ സ്വർണവാങ്ങൽ നിയന്ത്രണ ആഹ്വാനം; കല്യാണിന്റെ ഉൾപ്പെടെ ആഭരണ ഓഹരികൾ കുത്തനെ ഇടിഞ്ഞു

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ചെലവുചുരുക്കൽ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, അത്യാവശ്യമല്ലാത്ത സ്വർണവാങ്ങലുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് പിന്നാലെ തിങ്കളാഴ്ച ആഭരണ കമ്പനികളുടെ ഓഹരികൾ കനത്ത ഇടിവ് നേരിട്ടു.

പ്രധാനമന്ത്രിയുടെ ആഹ്വാനം വരും മാസങ്ങളിൽ ആഭരണ ആവശ്യകതയെ ബാധിക്കുമെന്ന ആശങ്ക നിക്ഷേപകരിൽ ശക്തമായതോടെ സ്വർണ-ആഭരണ മേഖലയിലെ ഓഹരികളിൽ വിൽപ്പന സമ്മർദ്ദം ശക്തമായി. ടൈറ്റൻ കമ്പനി ഓഹരികൾ ആദ്യകാല വ്യാപാരത്തിൽ 8.02 ശതമാനം വരെ ഇടിഞ്ഞ് 4,151.40 രൂപയിലെ താഴ്ന്ന നിലയിലെത്തി. അതേസമയം, കല്യാൺ ജൂവലറി ഓഹരികൾ 10 ശതമാനം ഇടിഞ്ഞ് 382.20 രൂപയിലും, പി എൻ ഗാഡ്ഗിൽ ജൂവലറി ഓഹരികൾ 8.32 ശതമാനം ഇടിഞ്ഞ് 668.05 രൂപയിലും എത്തി.
സ്‌കൈ ഗോൾഡ് ഓഹരികൾ 12.24 ശതമാനം ഇടിഞ്ഞ് 475 രൂപയിലെത്തി. ആഭരണ മേഖലയിലെ ഏറ്റവും കൂടുതൽ ഇടിവ് നേരിട്ട ഓഹരികളിൽ ഒന്നായി ഇത് മാറി.

അടുത്തിടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ബ്ലൂ സ്റ്റോൺ ജൂവലറി ഓഹരികൾ 5.92 ശതമാനം ഇടിഞ്ഞ് 474.70 രൂപയിലെത്തി. ഇതിനുപുറമെ, വേണോ ഗോൾഡ് ഓഹരികൾ 11 ശതമാനം ഇടിഞ്ഞ് 325.25 രൂപയിലും, രാജേഷ് എക്സ്പോർട്ട് ഓഹരികൾ 4.63 ശതമാനം ഇടിഞ്ഞ് 116.15 രൂപയിലും വ്യാപാരം നടത്തി.

ഞായറാഴ്ച സെക്കന്തരാബാദിൽ നടന്ന ബിജെപി പൊതുയോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമല്ലാത്ത സ്വർണവാങ്ങലുകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചത്. വിദേശനാണ്യ കരുതൽ ശേഖരത്തിനുമേൽ വരുന്ന സമ്മർദ്ദം കുറയ്ക്കാനാണ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക