രാജ്യത്തിന്റെ വികസനത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ള ‘കോക്രോച്ച് മൂവ്‌മെന്റിനെതിരെ’ കടുത്ത നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. പ്രതിപക്ഷം കൈകോർത്ത് നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദുരുപയോഗം ചെയ്ത് വ്യാജ നാരേറ്റീവുകൾ സൃഷ്ടിക്കുന്നുവെന്നും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുറമേയ്ക്ക് സ്വാഭാവികമെന്ന് തോന്നുന്നുവെങ്കിലും രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൊവിഡ് പ്രതിസന്ധി, ആഗോള ഊർജ്ജ പ്രതിസന്ധി, യുദ്ധ സാഹചര്യങ്ങൾ എന്നിവയ്ക്കിടയിലും സ്ഥിരതയോടെ മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ ശക്തികളുടെ പിന്തുണയോടെ നടക്കുന്ന ഇത്തരം ശ്രമങ്ങൾ ഭാരതത്തിന്റെ ഐക്യത്തെ തകർക്കാൻ കഴിയില്ലെന്നും, രാജ്യവിരുദ്ധ നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജീവ് ചന്ദ്രശേഖർ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ആഹ്വാനം ചെയ്തു.
