ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ദിനങ്ങളിൽ മാറ്റം വരുത്തി പശ്ചിമ ബംഗാൾ സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്ന മെയ് 26, 27 തീയതികളിലെ അവധി റദ്ദാക്കി, പകരം മെയ് 28ന് ഈദ്-ഉദ്-സോഹ (ബക്രീദ്) അവധിയായി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന ധനകാര്യ വകുപ്പാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. 2025 നവംബർ 27ന് പുറത്തിറക്കിയ മുൻ വിജ്ഞാപനത്തിൽ, മെയ് 26ന് ബക്രീദിന് മുന്നോടിയായ ദിവസവും മെയ് 27ന് ബക്രീദ് ദിനവുമായി ബന്ധപ്പെട്ടും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ ബക്രീദ് മെയ് 28നാണ് ആചരിക്കപ്പെടുകയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അവധിയിൽ മാറ്റം വരുത്തിയത്.
1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് സെക്ഷൻ 25 പ്രകാരം മെയ് 28 വ്യാഴാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചു. ഇതോടെ മുൻപ് പ്രഖ്യാപിച്ചിരുന്ന മെയ് 26, 27 തീയതികളിലെ അവധികൾ റദ്ദാക്കിയതായും ആ ദിവസങ്ങൾ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പ്രവൃത്തി ദിവസങ്ങളായിരിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
2011ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയിൽ നിരവധി പുതുക്കലുകൾ നടപ്പാക്കിയിരുന്നു. ഇടതുമുന്നണി ഭരണകാലത്ത് ഉണ്ടായിരുന്നില്ലാത്ത പല അവധി ദിനങ്ങളും പിന്നീട് ഉൾപ്പെടുത്തിയിരുന്നു.
ഇപ്പോൾ ബക്രീദ് അവധി ദിനങ്ങളിൽ വരുത്തിയ ഈ മാറ്റം, സംസ്ഥാന സർക്കാർ ഭാവിയിൽ മറ്റ് അവധി ക്രമീകരണങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമോയെന്ന ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
