സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണം പിണറായി വിജയനാണെന്ന നിലപാടാണ് യോഗത്തിൽ നേതാക്കൾ ഉന്നയിച്ചത്. പിണറായി വിജയനിൽ ലാളിത്യമില്ലെന്നും, അദ്ദേഹത്തിന്റെ സമീപനത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവണതകൾ തെളിഞ്ഞതായും യോഗത്തിൽ വിമർശനം ഉയർന്നു. പ്രതിപക്ഷ നേതാവായുള്ള അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും ചർച്ചയായി.
ജനങ്ങൾ തള്ളിയ വ്യക്തി പ്രതിപക്ഷ നേതാവാകരുതായിരുന്നുവെന്ന അഭിപ്രായവും ചില നേതാക്കൾ പ്രകടിപ്പിച്ചു. എൽഡിഎഫിൽ സിപിഐയുടെ പ്രസക്തി കുറയുകയാണെന്നും, പാർട്ടിയുടെ ‘തിരുത്തൽ ശക്തി’ എന്ന നിലപാട് നഷ്ടപ്പെട്ടുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അതേസമയം, മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ‘രാജകീയ സമീപനം’ സ്വീകരിക്കുന്നുവെന്ന വിമർശനവും ഉയർന്നു. ജില്ലാകൗൺസിൽ ഇന്ന് ചേരുമെന്ന വിവരവും ലഭ്യമാണ്.അതേസമയം, സിപിഐ വയനാട് ജില്ലാ എക്സിക്യൂട്ടിവിലും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെപ്പോലെയാണെന്നും, പാർട്ടിയുടെ പ്രതിച്ഛായയാണ് തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പ്രധാന കാരണമെന്നുമായിരുന്നു അവിടെ ഉയർന്ന വിലയിരുത്തൽ.
കൽപ്പറ്റയിൽ ടി സിദ്ദീഖിനെതിരെ നടന്ന പ്രതിഷേധം യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരാൻ കാരണമായെന്ന അഭിപ്രായവും യോഗത്തിൽ പങ്കുവെച്ചു. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐയ്ക്ക് അർഹതപ്പെട്ടതാണെന്ന ആവശ്യവും നേതാക്കൾ ഉന്നയിച്ചു. കെ പി രാജേന്ദ്രൻ, പി പി സുനീർ എന്നിവരുടെ സാന്നിധ്യത്തിലാണ് വിമർശനങ്ങൾ ഉയർന്നത്.
