സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. പരിശോധനയിൽ പിടിച്ചെടുത്ത പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ തെളിവുകളിൽ നിന്ന് കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഈ ഡിജിറ്റൽ തെളിവുകൾ ഉടൻ തന്നെ കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇവ വേഗത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഇഡിയുടെ നീക്കം.
ഫോണിൽ നിന്നും മറ്റും ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ടുള്ള സുപ്രധാന രേഖകളും ചാറ്റുകളും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടെടുക്കാമെന്ന് അന്വേഷണ സംഘം കണക്കുകൂട്ടുന്നുണ്ട്. ഇതിന്റെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. നടപടികളുടെ ഭാഗമായി വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇഡി ഇതിനകം മരവിപ്പിച്ചിട്ടുണ്ട്.
കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെയും ബാങ്ക് രേഖകളുടെയും പ്രാഥമിക പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ടി. വീണയെ ചോദ്യം ചെയ്യാനായി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തും. ഇതിന് മുന്നോടിയായി സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച് മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് സി.പി.ഐ.എം പ്രവർത്തകർ കൂടി അറസ്റ്റിലായി.
സി.പി.ഐ.എം പ്രവർത്തകരായ നരുവാംമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ജില്ലയിൽ നിന്നും ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ സി.പി.ഐ.എം പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് സൂചന. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
