ഐപിഎൽ 2026-ലെ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 29 പന്തിൽ നിന്ന് 97 റൺസ് വാരിക്കൂട്ടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 15-കാരൻ വൈഭവ് സൂര്യവംശിയുടെ വരുമാന വിവരങ്ങൾ പുറത്ത്. ഈ കൗമാരതാരത്തിന്റെ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ, താരത്തിന്റെ ആസ്തിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. വെറും 15 വയസ്സിനുള്ളിൽ തന്നെ 10 കോടി രൂപയിലധികം ആസ്തി സ്വന്തമാക്കാൻ ബീഹാറിൽ നിന്നുള്ള ഈ യുവ സെൻസേഷന് കഴിഞ്ഞിട്ടുണ്ട്.
2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ സ്വന്തമാക്കിയത്. കരാർ പ്രകാരം രണ്ടാം വർഷവും ഇതേ തുക ശമ്പളമായി ലഭിക്കുന്നതോടെ രണ്ട് വർഷത്തെ ഐപിഎൽ ശമ്പളം മാത്രം 2.2 കോടി രൂപയായി.
ഇതിനുപുറമേ, കളിക്കുന്ന ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീയും താരത്തിന് ലഭിക്കുന്നുണ്ട്. ഇതുവരെ 22 ഐപിഎൽ മത്സരങ്ങൾ കളിച്ച വൈഭവിന് മാച്ച് ഫീ ഇനത്തിൽ മാത്രം ഏകദേശം 1.65 കോടി രൂപ ലഭിച്ചതായാണ് കണക്കുകൾ. നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ ലേലത്തിൽ രാജസ്ഥാൻ നൽകിയ തുക വളരെ കുറഞ്ഞുപോയെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
ക്രിക്കറ്റിൽ നിന്നുള്ള വരുമാനത്തിന് പുറമേ വലിയ സാമ്പത്തിക ആസ്തികളും ഈ ചെറുപ്രായത്തിൽ തന്നെ വൈഭവ് സ്വന്തമാക്കിയിട്ടുണ്ട്: മുംബൈയിൽ ഏകദേശം 2.5 കോടി മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്മെന്റ് താരം വാങ്ങിയിട്ടുണ്ട്. ബീഹാറിലെ സമസ്തിപൂർ ജില്ലയിലുള്ള കുടുംബവീടിന് 40 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് വിപണി മൂല്യം.
2025 ഐപിഎല്ലിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കിയതിന് 17 ലക്ഷം രൂപ വിലയുള്ള ‘ടാറ്റ കർവ് ഇവി’ കാർ വൈഭവിന് സമ്മാനമായി ലഭിച്ചിരുന്നു. ഇതിനുപുറമേ, രാജസ്ഥാൻ റോയൽസ് സഹഉടമ രഞ്ജിത് ബർത്താകൂർ ഒരു ‘മെഴ്‌സിഡസ് ബെൻസ്’ കാറും താരത്തിന് സമ്മാനിച്ചതായി റിപ്പോർട്ടുകളുണ്ട്.
2026 ലെ അണ്ടർ-19 ലോകകപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് അന്നത്തെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് വൈഭവിന് പ്രഖ്യാപിച്ചിരുന്നു.
ഐപിഎൽ ശമ്പളവും സമ്മാനത്തുകകളും ആസ്തികളും ഉൾപ്പെടെ ഏകദേശം 7 കോടി രൂപയോളമാണ് നേരിട്ടുള്ള വരുമാനമെങ്കിലും, പരസ്യ-സ്പോൺസർഷിപ്പ് രംഗത്തുനിന്നുള്ള വരുമാനം വൈഭവിന്റെ ആസ്തി കുത്തനെ ഉയർത്തി. വിവിധ മുൻനിര ബ്രാൻഡുകളുടെ അംബാസഡറായി കരാറൊപ്പിട്ടതോടെ വൈഭവ് സൂര്യവംശിയുടെ ആകെ ആസ്തി 10 കോടി രൂപയും കടന്ന് കുതിക്കുകയാണെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.
