കർണ്ണാടക രാഷ്ട്രീയത്തിൽ നിർണ്ണായകമായ അധികാരക്കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണ്ണർ താവർചന്ദ് ഗെഹ്ലോട്ട് വെള്ളിയാഴ്ച ഔദ്യോഗികമായി സ്വീകരിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ 164(1) വകുപ്പ് പ്രകാരമാണ് രാജി സ്വീകരിച്ചതെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഉടനടി പ്രാബല്യത്തോടെ പിരിച്ചുവിട്ടതായും രാജ്ഭവൻ പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ ഗവർണ്ണർ വ്യക്തമാക്കി. എന്നാൽ, സംസ്ഥാനത്ത് പുതിയ ഭരണസംവിധാനം നിലവിൽ വരുന്നത് വരെ മുഖ്യമന്ത്രി പദവിയിൽ താൽക്കാലികമായി തുടരാൻ സിദ്ധരാമയ്യയോട് ഗവർണ്ണർ നിർദ്ദേശിച്ചിട്ടുണ്ട്.
പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്ന് കരുതപ്പെടുന്ന നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ച് ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ആരംഭിക്കും. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിന് മുൻപ് തന്നെ പുതിയ മന്ത്രിസഭയുടെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് ഇരുവരുടെയും നീക്കം.
തന്റെ ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പ്രധാന അധ്യായം സിദ്ധരാമയ്യ അവസാനിപ്പിക്കുമ്പോൾ, പാർട്ടിയിലും ഭരണത്തിലും ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങൾ ഒഴിവാക്കാനായി ഡി.കെ. ശിവകുമാർ പുതിയൊരു രാഷ്ട്രീയ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
സിദ്ധരാമയ്യയുടെ രാജിയിൽ അതൃപ്തിയുള്ള അനുയായികളെയും പ്രത്യേകിച്ച് കുറുബ സമുദായത്തെയും ശാന്തരാക്കുന്നതിനായി, സിദ്ധരാമയ്യയുടെ മകനും എം.എൽ.സി.യുമായ ഡോ. യതീന്ദ്രയെ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ആക്കാനാണ് ഡി.കെ. ശിവകുമാർ പദ്ധതിയിടുന്നത്. ഭരണത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു സുപ്രധാന നീക്കമായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ കാണുന്നത്.
ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തിലെ പദവികളും സിദ്ധരാമയ്യ നിരസിച്ചിരുന്നു. എന്നാൽ മകന് ഉപമുഖ്യമന്ത്രി പദം നൽകാനുള്ള രാഹുൽ ഗാന്ധിയുടെയും ഡി.കെ. ശിവകുമാറിന്റെയും പുതിയ ഫോർമുലയോട് സിദ്ധരാമയ്യ അനുകൂലമായി പ്രതികരിച്ചേക്കുമെന്നാണ് വിവരം.
