കർണാടകയിൽ നേതൃത്വ ചർച്ചകൾ വീണ്ടും സജീവം; മേയ് 15ന് ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് എംഎൽഎയുടെ അവകാശവാദം

കർണാടകയിൽ കോൺഗ്രസ് നേതൃത്വ തർക്കങ്ങൾ വീണ്ടും ശക്തമാകുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മേയ് 15ന് മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസ്സൈൻ അവകാശപ്പെട്ടു. രാമനഗരയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശിവകുമാർ തന്റെ 64-ാം ജന്മദിനം ആഘോഷിക്കുന്ന ദിവസമായ മേയ് 15നാണ് ഈ മാറ്റമുണ്ടാകുമെന്ന് ഹുസൈൻ പറഞ്ഞു. മുൻപ് രണ്ടോ മൂന്നോ തീയതികൾ പറഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ അന്തിമ തീയതിയായി മേയ് 15 നിശ്ചയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവകുമാറിനെ മുഖ്യമന്ത്രിയായി കാണണമെന്നത് നേതാക്കളുടെയും ജനങ്ങളുടെയും ആഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നേതൃത്വ തർക്കങ്ങൾ തുടരുന്നതിനിടെ, സിദ്ധരാമയ്യ രാജിവെക്കാൻ തയ്യാറാണെന്നും, രാഹുൽ ഗാന്ധി നിർദ്ദേശിച്ചാൽ അതിന് വഴങ്ങാമെന്നും കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ കെ എൻ രാജണ്ണ പറഞ്ഞു.

ഡൽഹിയിൽ ഹൈക്കമാൻഡുമായി നേതാക്കൾ നടത്തിയ കൂടിക്കാഴ്ച സാധാരണ നടപടിയാണെന്നും, സംസ്ഥാന വിഷയങ്ങളും ജനക്ഷേമ പ്രശ്നങ്ങളും ചർച്ച ചെയ്യാനായാണ് ഈ സന്ദർശനമെന്നും നേതാക്കൾ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക