കർണാടകത്തിൽ നാടകീയ ഭരണമാറ്റത്തിന് വഴിതുറന്ന് സിദ്ധരാമയ്യയുടെ രാജി; പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ

കർണാടക രാഷ്ട്രീയത്തിൽ ദിവസങ്ങളായി നിലനിന്നിരുന്ന ഭരണമാറ്റ അഭ്യൂഹങ്ങൾക്ക് ഒടുവിൽ പൂർണ്ണ വിരാമം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദവിയിലേക്കുള്ള വഴിതുറന്ന് നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഔദ്യോഗിക രാജി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ സ്വന്തം വസതിയിൽ വെച്ച് മന്ത്രിമാർക്കായി അദ്ദേഹം ഒരുക്കിയ പ്രത്യേക പ്രഭാതഭക്ഷണ യോഗത്തിലാണ് നാടകീയമായ ഈ പ്രഖ്യാപനമുണ്ടായത്.

വരും ദിവസങ്ങളിൽ ഡി.കെ. ശിവകുമാറിനെ പൂർണ്ണമായി പിന്തുണച്ച് ഒപ്പം നിൽക്കാൻ സിദ്ധരാമയ്യ യോഗത്തിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരോടും ഔദ്യോഗികമായി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തന്റെ രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് നിലവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇൻഡോറിലാണെങ്കിലും രാജ്ഭവൻ സെക്രട്ടറി വഴി രാജി കൈമാറാനാണ് തീരുമാനം. പ്രഖ്യാപനത്തിന് പിന്നാലെ ഊഷ്മളമായ അന്തരീക്ഷത്തിലാണ് മന്ത്രിമാർ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നും മടങ്ങിയത്.

അധികാര കൈമാറ്റത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രഭാത വിരുന്നിൽ ഏറെ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയെ ഡി.കെ. ശിവകുമാർ കെട്ടിപ്പുണരുകയും, തുടർന്ന് അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങി അനുഗ്രഹം തേടുകയും ചെയ്തു. കർണാടക കോൺഗ്രസിലെ ഇരുതുരുത്തുകളായി നിന്നിരുന്ന നേതാക്കളുടെ ഈ പരസ്യമായ സ്നേഹപ്രകടനം അണികളിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക