രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പത്രത്തിൽ ഫുള്‍ പേജ് ഫോക്കസ് ഫീച്ചര്‍; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയെ കുറിച്ച് പത്രത്തിൽ ഫുൾ-പേജ് പരസ്യം നൽകിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി സെക്രട്ടറി എ. പ്രജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി “ഫോക്കസ് ഫീച്ചർ” രൂപത്തിൽ പരസ്യം നൽകിയതും ഇത് അച്ചടക്കലംഘനമാണെന്നും വിലയിരുത്തിയാണ് നടപടി.

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ആഭ്യന്തര തർക്കം ശക്തമായിരിക്കുന്ന സമയത്താണ് ഈ പരസ്യം വന്നത്. അതിനാൽ ഇത് ചെന്നിത്തലയെ അനുകൂലിക്കാൻ ലക്ഷ്യമിട്ടതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി വിശദീകരണം ആവശ്യപ്പെട്ടത്. അതേസമയം, താൻ മുമ്പും പ്രമുഖരെ കുറിച്ച് ഇത്തരം ഫീച്ചറുകൾ നൽകിയിട്ടുണ്ടെന്നും ഇതും അതുപോലൊരു പ്രവർത്തനമാണെന്നുമാണ് പ്രജിൻ ബാബുവിന്റെ വിശദീകരണം. പാർട്ടിക്ക് മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ, എഐസിസി നിർദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് ഈ പരസ്യം പുറത്തുവന്നത്. സംഭവത്തിൽ, ഇത്തരമൊരു ഫീച്ചർ തന്റെ അറിവില്ലാതെയാണെന്ന് ചെന്നിത്തല പാർട്ടി നേതൃത്വത്തെ അറിയിച്ചു.

പരസ്യം പ്രസിദ്ധീകരിച്ചതിനു ശേഷം പ്രജിൻ ബാബുവുമായി സംസാരിച്ചെന്നും, മുൻകൂട്ടി ആലോചിക്കേണ്ടിയിരുന്നുവെന്നും, ഉദ്ദേശിച്ചതിന് വിപരീത ഫലമാണ് ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചതായി പ്രജിൻ ബാബു പറഞ്ഞു. ഫീച്ചറിൽ ചെന്നിത്തലയുടെ രാഷ്ട്രീയജീവിതവും, ഏറ്റവും ചെറുപ്പത്തിൽ മന്ത്രിയായതുമുതൽ ദേശീയതലത്തിൽ വഹിച്ച പദവികളുമൊക്കെ വിശദമായി അവതരിപ്പിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക