ജർമനിയിലെ ബോച്ചുമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഇടുക്കി സ്വദേശിനി നോവ സാബു, കാലടി സ്വദേശിനി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൽ താമസിക്കുന്ന 41കാരനായ റൊമാനിയൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മനഃപൂർവം തീകൊളുത്തിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
കെട്ടിടത്തിലെ താമസക്കാർ തമ്മിലുണ്ടായ തർക്കമാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് സൂചന. തീപിടിത്തമുണ്ടാകുന്നതിന്റെ തലേദിവസം കെട്ടിടത്തിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ അന്ന് ഔദ്യോഗികമായി പരാതി നൽകാൻ താമസക്കാർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായ വിവരം പൊലീസിന് ലഭിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. സാങ്കേതിക തകരാറല്ല തീപിടിത്തത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ 41കാരനെ കസ്റ്റഡിയിലെടുത്ത പൊലീസ് തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണ്. മരിച്ച മലയാളികളുടെ കൂടുതൽ വിവരങ്ങളും സംഭവത്തിന്റെ സാഹചര്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.
