ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അനുബന്ധ സ്ഥാപനമായ 10955230 കാനഡ ഇൻകോർപ്പറേറ്റഡിന് 52,878 കോടി രൂപയ്ക്ക് വിൽക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഓഹരിയൊന്നിന് 81 രൂപ നിരക്കിലാണ് ഇടപാട്.
കേന്ദ്ര സർക്കാരിന്റെ 30.48 ശതമാനവും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) 30.24 ശതമാനവും ഉൾപ്പെടെയുള്ള ഓഹരികളാണ് വിൽക്കുന്നത്. കരാർ പൂർത്തിയായാൽ എയർ ഇന്ത്യ വിൽപ്പനയ്ക്കുശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ തന്ത്രപരമായ ഓഹരി വിറ്റഴിക്കലായി ഇത് മാറും.
ഇടപാട് പൂർത്തിയാക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. ഫെയർഫാക്സിന്റെ യോഗ്യതയും ബാങ്ക് ഏറ്റെടുത്ത് നടത്താനുള്ള ശേഷിയും ആർബിഐ പരിശോധിക്കും. നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ കരാർ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിഐപിഎഎം സെക്രട്ടറി അരുണേഷ് ചൗള അറിയിച്ചു.
ഇടപാടിനെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലെന്നതിലുപരി ‘തന്ത്രപരമായ പുനഃസംഘടന’ എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ചത്.
