മൈസൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു, പാറ്റ, പ്ലാസ്റ്റിക് തുടങ്ങിയ മലിനങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കർണാടക ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. ഭക്ഷ്യവിതരണ ചുമതല വഹിച്ചിരുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതോടൊപ്പം, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ സി വേണുഗോപാൽ എംപി കർണാടക ആരോഗ്യ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് ദ്രുതഗതിയിലുള്ള നടപടി ഉണ്ടായത്.
അഞ്ച് കോളേജുകളിൽ ഭക്ഷണം എത്തിച്ചിരുന്ന ഈ ഏജൻസിക്കെതിരെ വിദ്യാർത്ഥികൾ ഗുരുതര പരാതികളാണ് ഉന്നയിച്ചത്. കോഴിക്കറിയിൽ തൂവലും രക്തവും, ചപ്പാത്തിയിൽ പ്ലാസ്റ്റിക് കഷണങ്ങളും, ചോറിൽ പാറ്റയും കണ്ടെത്തിയതായി വിദ്യാർത്ഥികൾ വ്യക്തമാക്കി. ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് കോമൺ മെസ്സിൽ നിന്ന് ഭക്ഷണം വിതരണം ചെയ്തതെന്നും അവർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചു. ഇതോടൊപ്പം, ബാധിതമായ അഞ്ചു കോളേജുകൾക്കായി ബദൽ ഭക്ഷ്യവിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
കെസി വേണുഗോപാൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവുമായി ബന്ധപ്പെടുകയും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ബന്ധപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കുകയായിരുന്നു .
പ്രതിവർഷം 80,000 രൂപ മെസ് ഫീ ഈടാക്കുന്നുണ്ടെന്നും, പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കാത്ത സാഹചര്യമാണെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
