ഓങ് സാൻ സൂക്കിയെ ജയിലിൽ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റി; മ്യാൻമറിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ

മ്യാൻമറിൽ സൈനിക നേതാവ് മിൻ ഓങ് ഹ്ലൈങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെ മുൻ ഭരണാധികാരി ഓങ് സാൻ സൂക്കിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. നേ പൈ താവ് ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന സൂക്കിയുടെ ശേഷിക്കുന്ന ശിക്ഷ വീട്ടുതടങ്കലിൽ തുടരാൻ പ്രസിഡന്റിന്റെ തീരുമാനം ഉണ്ടായതായി മ്യാൻമർ ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.

2021ലെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ജനാധിപത്യ സർക്കാരിന്റെ സ്റ്റേറ്റ് കൗൺസിലറും യഥാർത്ഥ നേതാവുമായിരുന്ന സൂക്കി, അന്നുമുതൽ വിവിധ കേസുകളിൽ തടവിൽ കഴിയുകയായിരുന്നു.
അട്ടിമറിക്ക് നേതൃത്വം നൽകിയ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങിനെ ഏപ്രിൽ 3ന് പാർലമെന്റ് പ്രസിഡന്റായി തിരഞ്ഞെടുത്തു. 2021ൽ നിരോധിച്ച ഓങ് സാൻ സൂക്കിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പാർട്ടിയുടെ പങ്കാളിത്തമില്ലാതെ കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള വോട്ടെടുപ്പിലൂടെയാണ് പാർലമെന്റ് രൂപീകരിച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് മിൻ ഓങ് ഹ്ലൈങ്ങ് അറിയിച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും വംശീയ കലാപങ്ങളും തുടരുന്നതിനാൽ മ്യാൻമർ അന്താരാഷ്ട്ര പിന്തുണ തേടുകയാണ്.

ഇതിനിടെ, പുറത്താക്കപ്പെട്ട സിവിലിയൻ സർക്കാരിന്റെ പ്രസിഡന്റായിരുന്ന വിൻ മ്യിന്റിനെ ഏപ്രിൽ 17ന് 4,300-ലധികം രാഷ്ട്രീയ തടവുകാർക്കൊപ്പം മോചിപ്പിച്ചതായി സൈനിക ഭരണകൂടം അറിയിച്ചു. ഇത് മ്യാൻമറിന്റെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ നടപടിയാണെന്നും അധികൃതർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക