ലോകം കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വൻ വിവാദം. ലോകകപ്പ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ചരിത്രത്തിലെ ആദ്യ സൊമാലിയൻ റഫറിയും അന്താരാഷ്ട്ര പുരസ്കാര ജേതാവുമായ ഒമർ അർതാന് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചു.
കൃത്യമായ യു.എസ് വിസ കൈവശമുണ്ടായിട്ടും മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ അധികൃതർ ഇദ്ദേഹത്തെ തടയുകയും തിരിച്ചയക്കുകയുമായിരുന്നു. യു.എസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി അമേരിക്കൻ ഭരണകൂടം കൊണ്ടുവന്ന കടുത്ത യാത്രാ നയങ്ങളാണ് ഈ നാടകീയ സംഭവങ്ങൾക്ക് പിന്നിൽ.
വിമാനത്താവളത്തിൽ വെച്ച് പ്രവേശനം നിഷേധിക്കപ്പെട്ട ഒമർ അർതാനെ അദ്ദേഹം നിലവിൽ താമസിക്കുന്ന തുർക്കിയിലെ ഇസ്താംബൂളിലേക്ക് തന്നെ മടങ്ങാൻ അധികൃതർ നിർബന്ധിതനാക്കിയതായി സൊമാലിയൻ കായിക മന്ത്രാലയത്തിന്റെ മുതിർന്ന ഉപദേഷ്ടാവും മുൻ ദേശീയ ടീം ക്യാപ്റ്റനുമായ സീസ് ഏഡൻ അബ്ഷിർ സ്ഥിരീകരിച്ചു.
“ആഫ്രിക്കയിലെ ഏറ്റവും ആദരണീയനായ റഫറിമാരിൽ ഒരാളാണ് ഒമർ അർതാൻ. അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതും ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്ന് വിലക്കിയതും വ്യക്തിപരമായി ദോഷം ചെയ്തു എന്ന് മാത്രമല്ല, കായിക ലോകത്തെ നീതിയും ന്യായമായ കളിയുടെ മനോഭാവവും തകർക്കുന്നതുമാണ്.” – സീസ് ഏഡൻ അബ്ഷിർ (സൊമാലിയൻ കായിക മന്ത്രാലയം) പറഞ്ഞു.
വിസയുണ്ടായിട്ടും യു.എസിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഒമർ അർതാന് ഇത്തവണ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആതിഥേയ രാജ്യങ്ങളുടെ കുടിയേറ്റ നിയമങ്ങളിലോ വിസ സംബന്ധിച്ച തീരുമാനങ്ങളിലോ ഫിഫയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും റഫറിയുടെ നിലവിലെ പദവിയിൽ മാറ്റമില്ലെന്ന് യു.എസ് അധികൃതർ അറിയിച്ചതായും ഫിഫ വക്താവ് വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി ലോകകപ്പ് നിയന്ത്രിക്കാൻ യോഗ്യത നേടിയ സൊമാലിയൻ പൗരന് എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്നതിന് കൃത്യമായ കാരണം വ്യക്തമാക്കാൻ യു.എസ് ഭരണകൂടം തയ്യാറായിട്ടില്ല.
അമേരിക്കയിൽ സൊമാലിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ കടുത്ത വിലക്കുകളും കരിമ്പട്ടികയുമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഈ വർഷം ആദ്യം സൊമാലിയൻ പൗരന്മാർക്കുള്ള താൽക്കാലിക സംരക്ഷിത പദവി നിർത്തലാക്കാൻ യു.എസ് നീക്കം നടത്തിയിരുന്നു.
ലോകകപ്പിനെത്തുന്ന ആഫ്രിക്കൻ രാജ്യങ്ങളോട് അമേരിക്ക കാട്ടുന്ന ശത്രുതാപരമായ സമീപനത്തിന്റെ മറ്റ് ഉദാഹരണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. യു.എസിൽ വിമാനമിറങ്ങിയ സെനഗൽ ദേശീയ ഫുട്ബോൾ ടീമിനെ റൺവേയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥർ വളയുകയും കടുത്ത പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു. കളിക്കാരെ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യു.എസിന്റെ യാത്രാവിലക്ക് പട്ടികയിലുള്ള മറ്റൊരു ആഫ്രിക്കൻ രാജ്യമാണ് സെനഗൽ.
ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമെ യൂറോപ്പിൽ നിന്നുള്ള ആരാധകരും പുതിയ യു.എസ് നയങ്ങളിൽ പെട്ടുപോയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ലോകകപ്പിന് യോഗ്യത നേടിയ സ്കോട്ട്ലൻഡിന്റെ ഡസൻ കണക്കിന് ആരാധകരുടെ യാത്രാ അനുമതിയാണ് അവസാന നിമിഷം യു.എസ് റദ്ദാക്കിയത്. സാധാരണയായി യുകെ പൗരന്മാർക്ക് വിസയില്ലാതെ 90 ദിവസം യു.എസിൽ തങ്ങാൻ അനുവാദം നൽകുന്ന ‘ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ’ അപേക്ഷകൾ ടൂർണമെന്റിന് തൊട്ടുമുമ്പ് പെട്ടെന്ന് റദ്ദാക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്തതോടെ ആരാധകരുടെ ലോകകപ്പ് യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
