മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി. ശശികല നടത്തുന്ന പ്രചാരണം കേരളത്തിന്റെ സമാധാനജീവിതത്തിനെതിരായ വിഷപ്രയോഗമാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. പഴയ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട കഥകളും കേട്ടുകേൾവികളും ഉപയോഗിച്ച് മുസ്ലിം വിരോധം പ്രചരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ഒക്ടോബർ പത്തിന് ക്ഷേത്ര ട്രസ്റ്റും ആഘോഷ കമ്മിറ്റിയും നാട്ടുകാരും ചേർന്ന് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ അധ്യക്ഷത വഹിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിൽ മതത്തിന്റെ പേരിൽ വിവേചനം ആരോപിക്കുന്നതിനു പിന്നിൽ മുസ്ലിം വിരോധമാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
ക്ഷേത്രത്തിന്റെ ആചാരങ്ങളും മര്യാദകളും തീരുമാനിക്കേണ്ടത് അവിടുത്തെ വിശ്വാസികളും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമാണെന്നും ക്ഷേത്രവുമായി ബന്ധമില്ലാത്തവർ വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക പരിപാടിയിലെ പങ്കാളിത്തത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തി മതവിദ്വേഷം വളർത്താനാണ് ശ്രമമെന്നും ജയരാജൻ ആരോപിച്ചു.
കേരളത്തിന്റെ ഐക്യവും സമാധാനവും തകർക്കുന്ന ഹിന്ദു ഐക്യവേദിയുടെയും സംഘപരിവാറിന്റെയും വർഗീയ അജണ്ടകളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും മതസൗഹാർദം സംരക്ഷിക്കാൻ നാടിന് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
