വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ബലപ്രയോഗം, വഞ്ചന, ചതി, പ്രലോഭനം, തെറ്റിദ്ധരിപ്പിക്കൽ, വിവാഹം എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമാക്കുന്നതാണ് മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്. മതം മാറുന്നതിന് 60 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നും നിയമത്തിലെ ആറാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.

നിയമം ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താനെയിൽ നിന്നുള്ള 70കാരനായ ഇസ്ലാമിക പ്രഭാഷകനാണ് കോടതിയെ സമീപിച്ചത്. എന്നാൽ, ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനങ്ങൾ തടയുകയും സമൂഹത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുകയുമാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് മഹേഷ് സി. ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

നിയമം ഹർജിക്കാരനെ നേരിട്ട് എങ്ങനെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യമായ വസ്തുതകളുടെ അഭാവത്തിൽ ഹർജി പരിഗണിക്കാനാകില്ലെന്നും കോടതി പറഞ്ഞു. തുടർന്ന്, ആവശ്യമായ വിവരങ്ങളോടെ പുതിയ ഹർജി സമർപ്പിക്കാൻ അനുമതി നൽകിയതോടെ ഹർജിക്കാരൻ നിലവിലെ ഹർജി പിൻവലിച്ചു.

മറുപടി രേഖപ്പെടുത്തുക