രാജ്യത്തെ ഇലക്ട്രിക് വാഹന (ഇവി) വിപണി പുതിയ റെക്കോർഡിലെത്തി. സെപ്റ്റംബറിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചില്ലറ വിൽപ്പന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. മാസം മാത്രം രാജ്യത്തുടനീളം 3,33,634 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 74 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇത് സാധാരണ വളർച്ച മാത്രമല്ല, പുതിയ റെക്കോർഡാണെന്ന് എഫ്എഡിഎ പ്രസിഡന്റ് സായ് ഗിരിധർ പറഞ്ഞു. ഉത്സവകാലത്തെ വർധിച്ച ആവശ്യകത, പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രവർത്തനച്ചെലവ്, വിപണിയിലെത്തുന്ന പുതിയ ഇലക്ട്രിക് മോഡലുകൾ, പിഎം ഇ-ഡ്രൈവ് പോലുള്ള സർക്കാർ പദ്ധതികൾ എന്നിവയാണ് വിൽപ്പന ഉയരാൻ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
സബ്‌സിഡികൾക്ക് പുറമെ ഉപഭോക്താക്കളുടെ വർധിച്ച ആവശ്യകതയും രാജ്യത്തെ ഇവി വിപണിയുടെ വളർച്ചയ്ക്ക് പിന്നിലുണ്ടെന്ന് സായ് ഗിരിധർ പറഞ്ഞു.
വിഭാഗം തിരിച്ചുള്ള കണക്കുകളിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 88.67 ശതമാനം ഉയർന്ന് 2,07,314 യൂണിറ്റിലെത്തി. ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ വിൽപ്പന 94.56 ശതമാനം വർധിച്ച് 36,108 യൂണിറ്റായി. ഇരുചക്ര വാഹനങ്ങളുടെയും പാസഞ്ചർ കാറുകളുടെയും വിൽപ്പന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതും ശ്രദ്ധേയമാണ്.
സെപ്റ്റംബറിൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന 86,024 യൂണിറ്റായി. ഇലക്ട്രിക് വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 4,188 യൂണിറ്റുമാണ് രേഖപ്പെടുത്തിയത്.
ഇതോടെ രാജ്യത്തെ മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതവും ഉയർന്നു. കഴിഞ്ഞ വർഷം ഇത് 10 ശതമാനമായിരുന്നെങ്കിൽ സെപ്റ്റംബറിൽ 13 ശതമാനമായി ഉയർന്നതായാണ് കണക്കുകൾ.
