കമ്മ്യൂണിസ്റ്റുകൾ രാഷ്ട്രീയമായി പാപ്പരായി; സി.പി.എമ്മിന്റെ 10 സീറ്റുകൾ ബി.ജെ.പി പിടിച്ചെടുക്കും: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയമായി പൂർണ്ണമായും പാപ്പരായിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ കൈവശമുള്ള 10 നിയമസഭാ സീറ്റുകൾ ബി.ജെ.പി പിടിച്ചെടുക്കുമെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി നിയമിതനായ അഭിഷേക് ഡെബ്രോയിക്ക് അഗർത്തലയിലെ രബീന്ദ്ര സെന്റിനറി ബിൽഡിംഗിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളിൽ ബി.ജെ.പി സംഘടനാപരമായി കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലുടനീളം സി.പി.എം തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ത്രിപുരയിൽ അവശേഷിക്കുന്ന സ്വാധീനം കൂടി ഇല്ലാതാക്കാൻ ബി.ജെ.പി പ്രത്യേക കാമ്പെയ്ൻ നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റുകൾ രാജ്യത്തിനും സംസ്ഥാനത്തിനും ദോഷകരമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും നുണ പറയുന്നതുമാണ് അവരുടെ രീതിയെന്നും മണിക് സാഹ കുറ്റപ്പെടുത്തി.

പാർട്ടി പ്രവർത്തകർക്കിടയിലെ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും ബി.ജെ.പിക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തി പാർട്ടിയെ തകർക്കാനാണ് കമ്മ്യൂണിസ്റ്റുകൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭരണവിരുദ്ധ വികാരങ്ങളെ മറികടന്ന് ഭാവിയിലും ബി.ജെ.പി ഭരണം നിലനിർത്താൻ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ പുതിയ പ്രസിഡന്റിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ജനങ്ങൾ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ഭരണം കണ്ടതാണ്. കമ്മ്യൂണിസ്റ്റുകളുടെ യഥാർത്ഥ മുഖം ഇന്ന് ജനങ്ങൾക്ക് മുന്നിൽ വ്യക്തമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് ബദലായി മറ്റൊരു പാർട്ടി ഇനി ത്രിപുരയിൽ ഉയർന്നു വരില്ല.

കമ്മ്യൂണിസ്റ്റുകൾ അവരുടെ ഭരണകാലത്തെ ‘സുവർണ്ണ കാലഘട്ടം’ എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സംസ്ഥാനത്തെ ഇന്നത്തെ മയക്കുമരുന്ന് മാഫിയകൾ അവരുടെ സൃഷ്ടിയാണെന്നും ഇപ്പോഴത്തെ സർക്കാർ അതിനെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നതെന്നും മണിക് സാഹ അവകാശപ്പെട്ടു. 2028-ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അതിനുശേഷവും സംസ്ഥാനത്ത് ബി.ജെ.പി ഭരണം തുടരുമെന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക