അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് ഇറാൻ പാരിതോഷികം പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഇറാൻ വീണ്ടും അന്താരാഷ്ട്ര വിവാദത്തിൽ. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഈ നീക്കം സംബന്ധിച്ച വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
‘ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈനിക, സുരക്ഷാ സേനകളുടെ എതിര് നടപടി’ എന്ന പേരിൽ പുതിയ ബിൽ തയ്യാറാക്കുകയാണെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതിയുടെ ചെയർമാൻ ഇബ്രാഹിം അസീസി പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ബിൽ പ്രകാരം ട്രംപിനെയോ നെതന്യാഹുവിനെയോ വധിക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ 50 മില്യൺ യൂറോ (ഏകദേശം 560 കോടി രൂപ) പാരിതോഷികം നൽകുമെന്നാണ് വിവരം.
ഇറാൻ വയർ, ദി ടെലിഗ്രാഫ് (യുകെ) തുടങ്ങിയ മാധ്യമങ്ങളാണ് ഈ റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 28ന് ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികരണമായാണ് ഈ ബിൽ പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന് പിന്നിൽ ട്രംപിനും നെതന്യാഹുവിനും പങ്കുണ്ടെന്നാണ് ഇറാന്റെ ആരോപണം.
അതേസമയം, യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ അടക്കം നിരവധി പേരെ ലക്ഷ്യമിട്ട് നടപടികൾ വേണമെന്ന് ഇബ്രാഹിം അസീസി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. “അവരെ നരകത്തിലേക്ക് അയക്കുന്നവർക്ക് വമ്പിച്ച പാരിതോഷികം നൽകും” എന്ന പരാമർശവും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകുമെന്ന ആശങ്കകൾ ഇതിനോടകം ശക്തമായിട്ടുണ്ട്. ഇറാനെതിരെ കൂടുതൽ സൈനിക നടപടി ഉണ്ടാകുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടയിലും ഉയരുന്ന ഇത്തരം കടുത്ത പ്രസ്താവനകൾ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ ഗുരുതരമാക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.
