സ്കൂൾ പ്രവേശനോത്സവത്തിനിടയിലെ മിഠായി വിതരണത്തെച്ചൊല്ലി തലസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയാണ് കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. കുട്ടികളുടെ കയ്യിൽ മിഠായി നേരിട്ട് നൽകാതെ മേശപ്പുറത്തേക്ക് ഇട്ടു നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. സംഭവത്തിൽ വി. മുരളീധരൻ എം.എൽ.എ പരസ്യമായി മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഏറ്റവും മാതൃകാപരമായ രീതിയിൽ പ്രവേശനോത്സവം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഈ മണ്ണിലാണ് ഒരു ജനപ്രതിനിധിയിൽ നിന്നും ഇത്തരമൊരു മോശം സമീപനം ഉണ്ടായിരിക്കുന്നത്. “വി. മുരളീധരൻ കാണിച്ചത് പഴയ മാടമ്പി-ജന്മി മനോഭാവമാണ്. ബി.ജെ.പിയുടെ യഥാർത്ഥ സംസ്കാരമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിലാണ് ഈ വിവേചനം നടന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. എം.എൽ.എ പരസ്യമായി ആ കുട്ടികളോട് മാപ്പ് പറയണം. മിഠായിക്ക് പകരം പായസമായിരുന്നെങ്കിൽ അദ്ദേഹം അത് മേശപ്പുറത്ത് ഒഴിച്ച് കൊടുക്കുമായിരുന്നോ?”- അദ്ദേഹം ചോദിച്ചു.
വിദ്യാർത്ഥികളെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിലാണ് എം.എൽ.എ പെരുമാറിയത്. എന്നാൽ, ചടങ്ങിൽ പങ്കെടുത്ത മന്ത്രി തുളസി ഈ മോശം പ്രവർത്തി തടയാനോ അദ്ദേഹത്തെ തിരുത്താനോ തയ്യാറായില്ലെന്നും അത് ഗുരുതരമായ വീഴ്ചയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നും വരുന്ന കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. കുട്ടികൾക്ക് എന്നും മാതൃകയാകേണ്ടവരാണ് സ്കൂൾ മുറ്റത്ത് ഇത്തരമൊരു വിവേചനപരമായ പ്രവണതയ്ക്ക് കൂട്ടുനിന്നതെന്നും ഇത് തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ വിഷയം ശക്തമായി ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
