ജാതിവിദ്വേഷം കുത്തിനിറയ്ക്കുന്നത് സി.പി.ഐ.എം; നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേടില്ല: വി. മുരളീധരൻ

കട്ടേല ട്രൈബൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടയിലെ മിഠായി വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത മറുപടിയും വിശദീകരണവുമായി കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ രംഗത്ത്. മിഠായി വിതരണത്തിൽ താൻ വിവേചനം കാണിച്ചു എന്ന മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ ആരോപണങ്ങൾക്ക് അദേഹം ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. പരിപാടി വേഗത്തിൽ പൂർത്തിയാക്കാനുള്ള പ്രായോഗികമായ ശ്രമത്തെ സി.പി.ഐ.എം രാഷ്ട്രീയമായി വളച്ചൊടിക്കുകയാണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.

പരിപാടി തുടങ്ങാറായ തൊട്ടടുത്ത സമയത്താണ് താൻ സ്കൂളിൽ എത്തിയതെന്ന് വി. മുരളീധരൻ പറഞ്ഞു: “കുട്ടികൾക്ക് ഓരോരുത്തർക്കായി മിഠായി വിതരണം ചെയ്തിരുന്നെങ്കിൽ ചടങ്ങ് നീണ്ടുപോകുമായിരുന്നു. അങ്ങനെ വന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി അടക്കമുള്ള പ്രമുഖർക്ക് ഒരുപാട് സമയം കാത്തുനിൽക്കേണ്ടി വരുമായിരുന്നു. ഇത് ഒഴിവാക്കാനും വിതരണം വേഗത്തിൽ പൂർത്തിയാക്കാനും വേണ്ടിയാണ് ക്ലാസിലെ ഓരോ മേശ തോറും ഒന്നിച്ച് മിഠായികൾ നൽകിയത്.”

തനിക്കെതിരെ രംഗത്തുവന്ന വി. ശിവൻകുട്ടിക്കെതിരെ കടുത്ത പരിഹാസമാണ് എം.എൽ.എ ഉയർത്തിയത്. ജനങ്ങൾ ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സി.പി.ഐ.എമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണ് ഇതുവരെ തുറന്നിട്ടില്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു. പണ്ട് നിയമസഭ തല്ലിത്തകർത്ത ചരിത്രമുള്ള ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേട് തൽക്കാലം തനിക്കില്ലെന്നും വി. മുരളീധരൻ പരിഹസിച്ചു.

തികച്ചും ലളിതമായ ഒരു കാര്യത്തിനാണ് സി.പി.ഐ.എം മനഃപൂർവ്വം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വിലകുറഞ്ഞ വിവാദങ്ങളിലൂടെ കൊടുംവിഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കൊച്ചു കുട്ടികളുടെ മനസ്സുകളിൽ പോലും കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നതെന്നും വി മുരളീധരൻ കടുത്ത ഭാഷയിൽ വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക