തമിഴ്നാട്ടിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച ഏക സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകി തമിഴക വെട്രി കഴകം . എ.ഐ.സി.സി ഭാരവാഹിയായ പ്രവീൺ ചക്രവർത്തി ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ തലവനുമായ വിജയ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജൂൺ 18-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഞായറാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
സീറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം, എ.ഐ.സി.സി ഇൻചാർജ് ഗിരീഷ് ചോദാങ്കർ, തമിഴ്നാട് മന്ത്രി രാജേഷ് കുമാർ എന്നിവരടങ്ങുന്ന ഉന്നതതല കോൺഗ്രസ് സംഘം ചെന്നൈ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വിജയ്യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സുപ്രധാന ചർച്ച കഴിഞ്ഞ് കോൺഗ്രസ് സംഘം മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് രാജ്യസഭാ സീറ്റ് കോൺഗ്രസിന് അനുവദിച്ചുകൊണ്ടുള്ള വിജയ്യുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
അടുത്ത കാലത്തായി ഒരു കാര്യങ്ങളിലും മുഖ്യമന്ത്രി വിജയ് കോൺഗ്രസിനെ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതികളും അസ്വാരസ്യങ്ങളും മുന്നണിക്കുള്ളിൽ ശക്തമായിരുന്നു. ഇതിനിടയിലാണ് കോൺഗ്രസിനെ അമ്പരപ്പിച്ചുകൊണ്ട് രാജ്യസഭാ സീറ്റ് വിട്ടുനൽകാൻ ടി.വി.കെ നേതൃത്വം തയ്യാറായത്.
വർഷങ്ങളായി തമിഴ്നാട് ഭരണത്തിൽ പങ്കാളിത്തമില്ലാതിരുന്ന കോൺഗ്രസിന്, ഈ തവണ ടി.വി.കെ സഖ്യത്തിലൂടെ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തമിഴ്നാട്ടിൽ നിന്ന് ഒരു സീറ്റ് കൂടി ലഭിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
