ചീഫ് സെക്രട്ടറിയെയും മുൻ സർക്കാരിനെയും പരസ്യമായി വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഫയലിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഒപ്പുവെച്ചു. എൻ. പ്രശാന്ത് കഴിഞ്ഞ രണ്ടു വർഷമായും ബി. അശോക് ഒന്നര വർഷമായും സസ്പെൻഷനിലാണ് കഴിഞ്ഞിരുന്നത്.
വിമർശനങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ ദീർഘകാലം നടപടി തുടരുന്നത് അനാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. നിലവിൽ സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, രണ്ട് യോഗ്യരായ ഉദ്യോഗസ്ഥർ ഭരണനിർവ്വഹണത്തിന് പുറത്തുനിൽക്കുന്നത് ഉചിതമല്ലെന്നും സർക്കാർ വിലയിരുത്തി.
അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരസ്യമായി വിമർശിച്ചതിനാണ് പ്രശാന്തിനെതിരെ രണ്ടു വർഷം മുൻപ് അച്ചടക്ക നടപടിയെടുത്തത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും കഴിഞ്ഞ ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനാണ് ബി. അശോകിനെ സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചെന്നും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങളാണ് അന്ന് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.
രണ്ട് ഉദ്യോഗസ്ഥരുടെയും സസ്പെൻഷൻ പിൻവലിച്ചതോടെ ഇവർക്ക് ഉടൻ തന്നെ പുതിയ തസ്തികകളിൽ നിയമനം നൽകുമെന്നാണ് സൂചന.
