സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കടുത്ത നിയന്ത്രണം; മന്ത്രിമാരുടെ ഓഫീസുകളിലേക്കും പ്രവേശനം തടഞ്ഞു

സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ മറ്റ് മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മേഖലകളിലേക്കും വ്യാപിപ്പിച്ചു. വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അറിയിപ്പുകളോ മുൻകൂർ അനുമതിയോ ഇല്ലാതെ അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് പോലും പ്രവേശനം നൽകാനാകില്ലെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി.

പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കുമുള്ള സന്ദർശക സമയം വൈകുന്നേരം 3 മണി മുതൽ 5 മണി വരെയായി ചുരുക്കി നിശ്ചയിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയിരിക്കുന്നത്.

മാധ്യമപ്രവർത്തകർ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതും, സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടുന്ന നിർണ്ണായക രേഖകളോ വിവരങ്ങളോ കണ്ടെത്തുന്നത് തടയുകയുമാണ് ഈ പുതിയ മാധ്യമവിലക്കിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. ഭരണസിരാകേന്ദ്രത്തിൽ നിന്നുള്ള വിവരശേഖരണം പൂർണ്ണമായി തടസ്സപ്പെടുത്തുന്ന നീക്കമാണിതെന്ന് മാധ്യമ സംഘടനകൾ കുറ്റപ്പെടുത്തുന്നു.

പ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി വാദിച്ചവർ ഭരണത്തിലെത്തിയപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വഴി അടയ്ക്കുകയാണെന്ന കടുത്ത വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. സർക്കാരിന്റെ ഈ അപ്രഖ്യാപിത മാധ്യമവിലക്കിനെതിരെ മാധ്യമപ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

മറുപടി രേഖപ്പെടുത്തുക