കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന; രാമൻ ആനയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമൻ’ എന്ന ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ തങ്ങളുടെ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആനയെ സുരക്ഷിതമായ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനും കോടതി കേരള സർക്കാരിനോട് നിർദേശിച്ചു.

സംസാരിക്കാൻ കഴിയാത്ത ജീവികളുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ച് രാമനെ തുടർച്ചയായി വാണിജ്യ ആവശ്യങ്ങൾക്കും എഴുന്നള്ളിപ്പുകൾക്കും വിവിധ ചടങ്ങുകൾക്കുമായി ഉപയോഗിച്ചുവെന്നും ഇതിലൂടെ ആന കടുത്ത ചൂഷണത്തിന് ഇരയായെന്നും കോടതി കണ്ടെത്തി.

ആന യഥാർത്ഥത്തിൽ മാതാ അമൃതാനന്ദമയി മഠത്തിന്റേതാണെന്നും, താൽക്കാലിക പരിപാലനത്തിനായി മാത്രമാണ് കൃഷ്ണൻകുട്ടിക്ക് കൈമാറിയതെന്നും ചൂണ്ടിക്കാട്ടി ജയകൃഷ്ണ മേനോൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. വിലക്കുകൾ നിലനിൽക്കുമ്പോഴും കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആനയെ വീണ്ടും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് ബെഞ്ച് വ്യക്തമാക്കി.

സംസാരിക്കാൻ കഴിയാത്ത ജീവികളോടുള്ള ഇത്തരം നിയമവിരുദ്ധ നടപടികളോട് കോടതി കണ്ണടയ്ക്കാനാകില്ലെന്നും, മൗനസാക്ഷിയായി തുടരാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

വിവാദമായ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ആനയെ കൈവശം വെച്ചിരുന്ന കൃഷ്ണൻകുട്ടി സുപ്രീം കോടതിക്ക് നൽകിയ ഉറപ്പ് ബോധപൂർവം ലംഘിച്ചതായി കണ്ടെത്തിയ കോടതി, അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായി വിധിച്ചു. ഇതോടനുബന്ധിച്ച് 2,000 രൂപ പിഴയും ചുമത്തി.

അതേസമയം, ആനയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് താൽക്കാലികമാണെന്നും അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വന്യജീവി (സംരക്ഷണ) നിയമം, 1972 പ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ആനയുടെ സംരക്ഷണത്തിനാവശ്യമായ ഭരണനടപടികൾ സംസ്ഥാന സർക്കാർ സ്വന്തം ചെലവിൽ സ്വീകരിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

കേസിൽ ആനയുടെ ആരോഗ്യനില പരിശോധിക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ കോടതിയലക്ഷ്യ നടപടികളിൽ നിന്ന് കോടതി ഒഴിവാക്കി. മറുവശത്ത്, ഒരു ദാനപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ആന തനിക്ക് നിയമപരമായി കൈമാറിയതെന്നും കഴിഞ്ഞ 10 മുതൽ 12 വർഷമായി താനാണ് ആനയെ പരിപാലിച്ചുവരുന്നതെന്നുമായിരുന്നു കൃഷ്ണൻകുട്ടിയുടെ വാദം.

മറുപടി രേഖപ്പെടുത്തുക