ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വീഴ്ച സമ്മതിച്ച് സിപിഐഎം; പത്മകുമാറിനെതിരെ നടപടി, റിപ്പോർട്ടിൽ മൂന്ന് തിരുത്തൽ

സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്താൻ സിപിഐഎം തീരുമാനിച്ചു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാനും അതുസംബന്ധിച്ച തുടർചർച്ചകൾക്കായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനമായി.

പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമായി ഉൾപ്പെടുത്തി. ആദ്യം മയപ്പെട്ട വിമർശനമാണ് റിപ്പോർട്ടിലുണ്ടായിരുന്നതെങ്കിലും, സ്ഥാനാർഥി നിർണയത്തിലെ പിഴവ് തുറന്നുപറയണമെന്നും കടുത്ത വിമർശനം രേഖപ്പെടുത്തണമെന്നും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നു.

മണ്ഡലം കമ്മിറ്റിയിലെ 73 അംഗങ്ങളിൽ 70 പേരും എതിർത്തിട്ടും ശ്യാമളയെ സ്ഥാനാർഥിയാക്കിയതെങ്ങനെ എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. ഇതോടെയാണ് തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് തിരുത്തിയത്.

വെള്ളാപ്പള്ളിക്കെതിരായ നിലപാടിലും പാർട്ടിക്ക് പിഴവ് സംഭവിച്ചതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. അദ്ദേഹത്തിന്റെ പരാമർശങ്ങൾക്കെതിരെ പാർട്ടി കൂടുതൽ വ്യക്തവും ശക്തവുമായ പ്രതികരണം നടത്തേണ്ടിയിരുന്നുവെന്ന വിമർശനം ഉയർന്നതിനെ തുടർന്ന്, വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നുവെന്ന് അംഗീകരിച്ചുകൊണ്ട് റിപ്പോർട്ടിൽ ഭേദഗതി വരുത്തി.

പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ സെക്രട്ടേറിയറ്റ് റിപ്പോർട്ട് സ്വീകരിച്ച സമീപനം മൃദുവായിരുന്നുവെന്ന വിമർശനവും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. വിഷയങ്ങളിൽ കൂടുതൽ വ്യക്തതയും കടുത്ത രാഷ്ട്രീയ നിലപാടും സ്വീകരിക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിൽ ഈ തിരുത്തലുകൾ ഉൾപ്പെടുത്തിയത്.

മറുപടി രേഖപ്പെടുത്തുക