ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ പലാഷ്ബാരി ഉപാസിലയിൽ നിർമാണം പുരോഗമിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ രാമപ്രതിമയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതർ നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്രീ ശ്രീ രാധ ഗോവിന്ദ-കാളി ക്ഷേത്ര സമുച്ചയത്തിലാണ് പ്രതിമയുടെ നിർമാണം നടന്നുവരുന്നത്.
വ്യാഴാഴ്ച ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഉപദേഷ്ടാവ് ശ്യാമൾ കുമാർ മഹന്താണ് നിർമാണം താൽക്കാലികമായി നിർത്തിവച്ച വിവരം അറിയിച്ചത് . പദ്ധതിക്കെതിരെ ചില ഇസ്ലാമിക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് വിമർശകർ ആരോപിക്കുന്നത്. നിർമാണം നിർത്തിവച്ച നടപടി സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വ്യാപക ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
നാടുകടത്തപ്പെട്ട ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ രഹലീമ നാസറിന് വിഷയത്തിൽ പ്രതികരിച്ച് മതസ്വാതന്ത്ര്യത്തിന്റെ തത്വം എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാകണമെന്ന് അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് പള്ളികൾ നിലനിൽക്കുന്ന രാജ്യത്ത് ഒരു ഹിന്ദു ആരാധനാലയമോ രാമപ്രതിമയോ നിർമ്മിക്കുന്നതിനെതിരെയുള്ള ശക്തമായ എതിർപ്പുകൾ ആശങ്കാജനകമാണെന്നും അവർ പറഞ്ഞു.
മതപരമായ അഭിപ്രായവ്യത്യാസങ്ങൾ അക്രമത്തിലൂടെയോ ഭീഷണികളിലൂടെയോ പരിഹരിക്കാനാവില്ലെന്നും മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തെ ലക്ഷ്യമിടാൻ ആർക്കും അവകാശമില്ലെന്നും തസ്ലീമ നസ്രീൻ ചൂണ്ടിക്കാട്ടി. ഗൈബന്ധ മേഖലയിൽ മുൻകാലങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും വിഗ്രഹങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ള പശ്ചാത്തലവും അവർ ഓർമ്മിപ്പിച്ചു.
ഇന്തോനേഷ്യ, യുഎഇ, മലേഷ്യ, ഒമാൻ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ വലിയ ഹിന്ദു ക്ഷേത്രങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവ അവിടുത്തെ ഭരണകൂടങ്ങൾ ഭീഷണിയായി കാണുന്നില്ലെന്നും നസ്രീൻ അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിൽ ഒരു ക്ഷേത്ര നിർമാണം മാത്രമേന്തുകൊണ്ടാണ് വിവാദമാകുന്നതെന്ന ചോദ്യവും അവർ ഉയർത്തി.
ഇതിനിടെ, ബംഗ്ലാദേശി ദിനപത്രമായ ‘ബ്ലിറ്റ്സ്’ പത്രത്തിന്റെ എഡിറ്റർ സാലഹ്ദിനും നിർമാണം നിർത്തിവച്ചതിൽ ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക ഇസ്ലാമിക, തീവ്രവാദ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങൾക്കിടെയാണ് സനാതൻ കോംപ്ലക്‌സിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിപ്പിച്ചതെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.
