കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശം വിവാദമാകുന്നു. പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ചാൽ ആ പണം വീട്ടിലെത്തില്ലെന്നും അത് എവിടേക്കാണ് പോകുകയെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നതിലൂടെ അവർ ചെലവാക്കേണ്ട തുക ലാഭിക്കാനാകുമെന്നും അതുവഴി കുടുംബങ്ങൾക്ക് സാമ്പത്തിക ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരുഷന്മാർക്ക് സമാന ആനുകൂല്യം നൽകിയാൽ അതിന്റെ പ്രയോജനം കുടുംബത്തിലെത്തുമോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
മുഖ്യമന്ത്രിയുടെ ഈ പരാമർശം സാമൂഹിക-രാഷ്ട്രീയ തലങ്ങളിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുള്ള പദ്ധതിയുടെ പ്രസക്തി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം, സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു.
