പിഎം ശ്രീ നടപ്പാക്കാൻ നീക്കം; സംഘപരിവാർ അജണ്ടയ്ക്ക് വഴങ്ങുകയാണ് യു.ഡി.എഫ് സർക്കാർ: എം. സ്വരാജ്

പുതിയ യു.ഡി.എഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾ ഒന്നൊന്നായി പുറത്തുവരികയാണെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ് ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ കേരളവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനം ഇതുവരെ സ്വീകരിച്ചിരുന്ന പ്രതിരോധ നിലപാട് പുതിയ സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണെന്നും, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു.

അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേതാക്കൾ തന്നെയാണ് ഇന്ന് മന്ത്രിസഭയിലെ അംഗങ്ങളായി പദ്ധതിയെ പിന്തുണക്കുന്നതെന്നും സ്വരാജ് പരിഹസിച്ചു.

പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി മുൻ എൽ.ഡി.എഫ് സർക്കാർ കേന്ദ്രത്തിൽ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ല. ലഭിച്ച ഫണ്ട് സംസ്ഥാനത്തിന് അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരള (SSK) പദ്ധതിയുടേതാണ്. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ഇടതുമുന്നണി സർക്കാർ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി പദ്ധതിയെ മരവിപ്പിക്കുന്നതിനും നടപ്പാക്കാതിരിക്കുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കാനായിരുന്നുവെന്ന് സ്വരാജ് പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ രൂപീകരിച്ച ഉപസമിതി പദ്ധതിയെ എങ്ങനെയും കേരളത്തിൽ നടപ്പാക്കാനുള്ള മാർഗങ്ങൾ തേടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംഘപരിവാർ ആശയങ്ങളോട് അടുപ്പമുള്ള ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുത്ത് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയാക്കിയതും സർക്കാരിന്റെ പുതിയ രാഷ്ട്രീയ നിലപാടിന്റെ സൂചനയാണെന്ന് സ്വരാജ് ആരോപിച്ചു.

മഹാത്മാഗാന്ധി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമന വിഷയത്തിലും സർവകലാശാലാ സിൻഡിക്കേറ്റുകളെ ആർ.എസ്.എസ് സ്വാധീന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളിലും മുഖ്യമന്ത്രി അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കാത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം പൂർണരൂപത്തിൽ ചൊല്ലിയതിനെ ചൊല്ലി ഉയർന്ന വിവാദങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് സ്വരാജ് കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലും ഭരണ സംവിധാനത്തിലും സംഘപരിവാർ സ്വാധീനം വർധിപ്പിക്കാൻ വഴിയൊരുക്കുന്ന സമീപനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക