നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച് ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം സാധാരണ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിന് വിലക്കേർപ്പെടുത്തുന്നത് തെറ്റായ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു.
കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന്റെ വാതിലിൽ പൂട്ടിടുന്നതുപോലെയാണ് കേന്ദ്രസർക്കാരിന്റെ നടപടി. ടെലഗ്രാം നിരോധനം യാതൊരു വിധത്തിലും പ്രായോഗിക പരിഹാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഠനസാമഗ്രികൾ പങ്കുവെക്കാനും നോട്ടുകൾ കൈമാറാനും അക്കാദമിക് ചർച്ചകൾ നടത്താനും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ടെലഗ്രാമിനെ ആശ്രയിക്കുന്നുണ്ട്. അത്തരമൊരു പ്ലാറ്റ്‌ഫോമിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ചോദ്യപേപ്പർ ചോർച്ച എങ്ങനെ തടയാനാകുമെന്നാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം. അടുത്തതായി വാട്സാപ്പിനും വിലക്കേർപ്പെടുത്താനാണോ കേന്ദ്രത്തിന്റെ പദ്ധതിയെന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.
പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് മേൽ കർശന പരിശോധന നടത്തുന്നതും വസ്ത്രങ്ങൾ വരെ മുറിച്ചുമാറ്റുന്നതും ചോദ്യപേപ്പർ എത്തിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതുമെല്ലാം നാടകീയ നടപടികൾ മാത്രമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ സംഘടിത മാഫിയകളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ കണ്ണുമുന്നിൽ തന്നെ പരീക്ഷാ മാഫിയകൾ പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾക്ക് യാതൊരു പ്രസക്തിയുമില്ല. മോദി സർക്കാർ ഇത്തരം നാടകങ്ങൾ അവസാനിപ്പിച്ച് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ സംഘങ്ങളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഈ മാസം 22 വരെ ടെലഗ്രാമിന് കേന്ദ്രം താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം
