ആർഎസ്എസിന്റെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ മൃദുസമീപനമാണ് പ്രധാന കാരണമെന്നും, അതിനാൽ ആർഎസ്എസ് കോൺഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു. ബിജെപി-ആർഎസ്എസ് ഭരണത്തിന് കീഴിൽ രാജ്യം പ്രായോഗികമായി ‘ഹിന്ദു രാഷ്ട്രമായി’ മാറിക്കഴിഞ്ഞുവെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആർഎസ്എസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനമാണ് ഗെലോട്ട് ഉയർത്തിയത്. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ഇന്നത്തെ ബിജെപി സ്വീകരിക്കുന്നതുപോലുള്ള പ്രതികാര രാഷ്ട്രീയം പിന്തുടർന്നിരുന്നെങ്കിൽ ആർഎസ്എസിനോ ബിജെപിക്കോ ഇത്രയും ശക്തമായി വളരാൻ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്നത്തെ ആർഎസ്എസിന്റെ വളർച്ചയ്ക്ക് അവർ കോൺഗ്രസിനോട് നന്ദി പറയണം. കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനം ആർഎസ്എസിന്റെയോ ബിജെപിയുടെയോ രീതിയിലായിരുന്നില്ല. അതേ സമീപനം കോൺഗ്രസും സ്വീകരിച്ചിരുന്നെങ്കിൽ ആർഎസ്എസിന് വളരാനുള്ള സാഹചര്യം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല,” എന്നാണ് ഗെലോട്ടിന്റെ പരാമർശം.
ആർഎസ്എസിനെ ചരിത്രത്തിൽ രണ്ടുതവണ നിരോധിച്ചിട്ടുണ്ടെന്നും, സംഘടന മാപ്പ് അപേക്ഷിച്ചതിനെ തുടർന്നാണ് നിരോധനം പിൻവലിക്കപ്പെട്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർഎസ്എസ് നൂറാം വാർഷികം ആഘോഷിക്കുന്ന നിലയിലേക്ക് വളർന്നതിന്റെ പിന്നിലും കോൺഗ്രസിന്റെ സഹിഷ്ണുതയുള്ള സമീപനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾ കടുത്ത സമ്മർദ്ദം നേരിടുകയാണെന്നും ഗെലോട്ട് ആരോപിച്ചു. മതപരമായ ചടങ്ങുകൾക്കിടയിലുണ്ടാകുന്ന ആക്രമണങ്ങളും വിദ്വേഷ സംഭവങ്ങളും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം, ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങൾ ലക്ഷ്യമാക്കപ്പെടുകയാണെന്നും, ഭാവിയിൽ ഇത്തരം പ്രവണതകൾ കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, രാജ്യത്തുടനീളം ബിജെപിയും ആർഎസ്എസും നിർമിക്കുന്ന വൻകിട കെട്ടിടങ്ങൾക്കും പാർട്ടി ഓഫീസുകൾക്കും വേണ്ടിയുള്ള സാമ്പത്തിക സ്രോതസ്സുകൾ പൊതുജനങ്ങളോട് വ്യക്തമാക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
