സർക്കാർ ജീവനക്കാർക്ക് നിരാശ; തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്; ആരോഗ്യരംഗത്ത് വൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നത് നിരാശയ്ക്ക് ഇടയാക്കി. നേരത്തെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്ന പ്രത്യേക പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉൾപ്പെട്ടില്ല. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ, ഡി.ആർ കുടിശ്ശിക കൂടാതെ വിതരണം തുടരുമെന്ന ഉറപ്പാണ് ബജറ്റിൽ പ്രധാനമായി പ്രഖ്യാപിച്ചത്.

മെഡി‌സെപ് പദ്ധതിയിൽ സമഗ്ര പരിഷ്‌കരണം നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. അതോടൊപ്പം അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തതകൾ പരിശോധിച്ച് ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്) കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ആരോഗ്യരംഗത്ത് നിരവധി സുപ്രധാന പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. ആരോഗ്യ ടൂറിസം രംഗത്ത് കേരളത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക ലക്ഷ്യമിട്ട് ‘റീച്ച് കേരള’ പദ്ധതി നടപ്പാക്കും.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകാനും ആരോഗ്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ‘ഗോൾഡൻ അവർ’ പദ്ധതി നടപ്പാക്കാനും ബജറ്റിൽ നിർദേശമുണ്ട്. 40 വയസ്സിന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന ഉറപ്പാക്കുന്ന പദ്ധതിയും ആരംഭിക്കും.

കാൻസർ പ്രതിരോധത്തിനും രോഗനിർണയത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന ബജറ്റിൽ മൊബൈൽ ടെസ്റ്റിങ് ലാബുകൾക്കായി 20 കോടി രൂപ വകയിരുത്തി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് ബജറ്റിന്റെ പ്രധാന സവിശേഷതകളായി വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക