നാല് സംസ്ഥാനങ്ങളിൽ വോട്ടർ ഐഡി കാർഡ്; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്

പ്രശസ്ത നടനും സാമൂഹിക-രാഷ്ട്രീയ നിരൂപകനുമായ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് നിയമലംഘനക്കേസിൽ ബെംഗളൂരു കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഒരേസമയം ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വച്ചെന്ന പരാതിയിലാണ് നടപടി.

ബെംഗളൂരുവിലെ 48-ാമത് എസിജെഎം കോടതിയാണ് ശനിയാഴ്ച നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ൽ അഭിഭാഷകനായ ദിലീപ് കുമാർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കർണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രകാശ് രാജിന് വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്.

ജനപ്രാതിനിധ്യ നിയമപ്രകാരം ഒരാൾക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടവകാശം നിലനിർത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം. വിഷയത്തിൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികയെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ച ശേഷമാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പ്രകാശ് രാജിന് സമൻസ് അയച്ചിരുന്നു. വ്യക്തിപരമായി ഹാജരാകണമെന്ന നിർദേശവും നൽകിയിരുന്നു. എന്നാൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ജഡ്ജി അതൃപ്തി രേഖപ്പെടുത്തി.

സമൻസ് അവഗണിച്ചതായി വിലയിരുത്തിയ കോടതി ഒടുവിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ പ്രകാശ് രാജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കാൻ സാധ്യതയുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രകാശ് രാജിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. കേസിന്റെ തുടർനടപടികൾ അടുത്ത വാദം കേൾക്കലിൽ കോടതി പരിഗണിക്കും.

മറുപടി രേഖപ്പെടുത്തുക