വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് മാതൃത്വത്തിന് ശേഷവും കരിയർ തുടരാൻ സഹായകമായ പുതിയ മാർഗരേഖകൾ പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ . പ്രസവശേഷം താരങ്ങൾ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
മാതൃത്വം ഒരു താരത്തിന്റെ കരിയറിന്റെ അവസാനമല്ലെന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് ഐസിസി പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായ പുനരധിവാസത്തിന് മുൻഗണന നൽകുന്ന “6-R” മാതൃകയാണ് ഇതിന്റെ അടിസ്ഥാനമായി നിർദേശിച്ചിരിക്കുന്നത്.
‘6-R’ ഫോർമുലയ്ക്ക് പ്രാധാന്യം
റെഡി (Ready), റിവ്യൂ (Review), റീസ്റ്റോർ (Restore), റീകണ്ടീഷൻ (Recondition), റിട്ടേൺ (Return), റിഫൈൻ (Refine) എന്നീ ആറു ഘട്ടങ്ങളിലൂടെയാണ് പ്രസവശേഷം താരങ്ങൾ ക്രിക്കറ്റിലേക്ക് മടങ്ങേണ്ടതെന്ന് ഐസിസി നിർദേശിക്കുന്നു. ആരോഗ്യനില വിലയിരുത്തൽ, മെഡിക്കൽ നിരീക്ഷണം, പരിശീലനത്തിന്റെ ക്രമാനുസൃതമായ പുനരാരംഭം, മത്സരക്ഷമത വീണ്ടെടുക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഓസ്‌ട്രേലിയൻ ടീം ഡോക്ടറും ഐസിസി മെഡിക്കൽ അഡ്വൈസറി കമ്മിറ്റി അംഗവുമായ ഡോ. ഫിലിപ്പ ഇഞ്ച്, “പ്രസവം ഒരു താരത്തിന്റെ കരിയർ അവസാനിപ്പിക്കുന്ന ഘടകമാകരുത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ബോർഡുകൾക്ക് പിന്തുടരാനാവുന്ന ഒരു മാതൃകയാണ് ഈ മാർഗരേഖകൾ” എന്ന് വ്യക്തമാക്കി.
ഗർഭധാരണ ഘട്ടം മുതൽ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് വരെ ഓരോ താരത്തിനും ഒരു പ്രത്യേക കേസ് മാനേജറെ നിയമിക്കണമെന്ന് ഐസിസി ശുപാർശ ചെയ്യുന്നു. ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, പരിശീലകർ, കുടുംബാംഗങ്ങൾ എന്നിവരടങ്ങുന്ന പിന്തുണാ സംഘവും താരത്തിനൊപ്പം ഉണ്ടാകണമെന്നും നിർദേശമുണ്ട്.
ഗർഭധാരണം എപ്പോൾ പരസ്യമാക്കണമെന്നത് പൂർണമായും താരത്തിന്റെ വ്യക്തിപരമായ തീരുമാനമായിരിക്കുമെന്ന് ഐസിസി വ്യക്തമാക്കി. നിർബന്ധിത ഗർഭപരിശോധനകൾ നടത്തരുതെന്നും അംഗരാജ്യ ബോർഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗർഭകാല പരിശീലനവും മത്സര പങ്കാളിത്തവും സംബന്ധിച്ച തീരുമാനങ്ങൾ മെഡിക്കൽ വിദഗ്ധരുമായി ആലോചിച്ചായിരിക്കണം.
തീരുമാനത്തെ സ്വാഗതം ചെയ്ത് താരങ്ങൾ
2021-ൽ മാതാവായ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ വെസ്റ്റ് ഇൻഡീസ് ലെഗ് സ്പിന്നർ അഫി ഫ്ലെച്ചർ, ഐസിസിയുടെ പുതിയ നയത്തെ സ്വാഗതം ചെയ്തു. കുടുംബ ഉത്തരവാദിത്തങ്ങളും പ്രൊഫഷണൽ കരിയറും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ഇത് വനിതാ താരങ്ങളെ സഹായിക്കുമെന്ന് അവർ പറഞ്ഞു.
ശിശുപരിപാലന സൗകര്യങ്ങൾ, മുലയൂട്ടലിന് അനുയോജ്യമായ ഇടങ്ങൾ, യാത്രാ സൗകര്യങ്ങൾ, പരിശീലന സമയത്തിലെ വഴക്കം തുടങ്ങിയ പ്രായോഗിക പിന്തുണകളും മാർഗരേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും കൂടുതൽ താരങ്ങൾ ദീർഘകാലം കായികരംഗത്ത് തുടരുന്നതിനും പുതിയ നയം നിർണായക ചുവടുവെയ്പ്പാണെന്ന് ഐസിസി വിലയിരുത്തുന്നു.
