ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമായി. രാജ്യത്തിന് പുറത്താണെങ്കിലും ജനാധിപത്യം, നിയമവാഴ്ച, അവാമി ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങൾ എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ബംഗ്ലാദേശിലേക്ക് തിരിച്ചുവരുമെന്നും അവർ പ്രഖ്യാപിച്ചു.
അവാമി ലീഗിന്റെ 77-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ഹസീനയുടെ പ്രതികരണം. നിലവിലെ ഭരണകൂടം രാഷ്ട്രീയ അടിച്ചമർത്തൽ നടത്തുകയാണെന്നും അവാമി ലീഗിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും അറസ്റ്റിലായതായും വ്യാജ കേസുകൾ നേരിടുന്നതായും ഹസീന ചൂണ്ടിക്കാട്ടി. എന്നാൽ ജനങ്ങളുടെ മനസ്സിൽ നിന്ന് അവാമി ലീഗിനെ ഇല്ലാതാക്കാനാകില്ലെന്നും അവർ പറഞ്ഞു.
“എന്റെ അഭാവം നിശബ്ദതയല്ല. ജനങ്ങളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും,” എന്ന് ഹസീന വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തി ജനാധിപത്യവും വോട്ടവകാശവും പുനഃസ്ഥാപിക്കുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
ഹസീനയുടെ പുതിയ പ്രസ്താവന ബംഗ്ലാദേശിലെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ശക്തിപകർന്നിരിക്കുകയാണ്.
