മുഖ്യമന്ത്രി വി.ഡി. സതീശനെ സംരക്ഷിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്ത്. മദ്യനികുതി ഇളവിലൂടെ സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതെ പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നാണ് പാർട്ടി പ്രസ്താവനയിൽ പറയുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മദ്യനികുതി കുറച്ച് ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും, മദ്യം ഒഴുകാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് ധാന്യേതര കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് ഹോർട്ടി വൈനും ഹോർട്ടി ലിക്വറും നിർമ്മിക്കാൻ അനുമതി നൽകിയതും, ഉദയഭാനു കമ്മീഷൻ ശുപാർശ ചെയ്ത വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകിയതുമാണ് നടന്നതെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
2022-23 ലെ മദ്യനയത്തിൽ പ്രഖ്യാപിച്ച നടപടികൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ഉൾപ്പെടെ വിശദമായി ചർച്ച ചെയ്ത ശേഷമാണ് നടപ്പാക്കിയതെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഗസറ്റ് വിജ്ഞാപനങ്ങളിലൂടെ സുതാര്യമായി പ്രസിദ്ധീകരിച്ചിരുന്നുവെന്നും സിപിഎം അവകാശപ്പെട്ടു.
അതേസമയം, വൻകിട മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടാക്കുന്ന രീതിയിൽ വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നികുതി ഇളവ് നൽകി സംസ്ഥാന ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നാണ് പാർട്ടിയുടെ ആരോപണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വർഷങ്ങളോളം പരിഗണിക്കാതിരുന്ന ഫയലിൽ അതിവേഗം തീരുമാനമെടുത്താണ് ഇളവ് അനുവദിച്ചതെന്നും സിപിഎം വിമർശിച്ചു.
ഹോർട്ടി വൈൻ മേഖലയിൽ നിന്ന് മാത്രം സർക്കാരിന് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായും, പൊതുതാൽപര്യവും കാർഷിക മേഖലയുടെയും വളർച്ചയും ലക്ഷ്യമിട്ടായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നയങ്ങളെന്നും പാർട്ടി വ്യക്തമാക്കി. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രചാരണങ്ങൾ കൊണ്ട് അഴിമതി ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനാകില്ലെന്നും സിപിഎം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
