സൂര്യവംശി ഒരുപാട് ഹൃദയങ്ങൾ കീഴടക്കാൻ പോകുന്നു, ആകാശമാണ് പരിധി: പാർഥിവ് പട്ടേൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച യുവതാരം വൈഭവ് സൂര്യവംശിക്ക് ദീർഘവും വിജയകരവുമായ അന്താരാഷ്ട്ര കരിയർ മുന്നിലുണ്ടെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേൽ അഭിപ്രായപ്പെട്ടു.

മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ 15-ാം വയസ്സിൽ ഇന്ത്യൻ ജഴ്‌സിയിൽ ഇറങ്ങിയ വൈഭവ്, ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററെന്ന നേട്ടം സ്വന്തമാക്കി. ഇതോടെ സച്ചിന്റെ ദീർഘകാല റെക്കോർഡും അദ്ദേഹം മറികടന്നു.

ജിയോസ്റ്റാറിനോട് സംസാരിക്കവെ, വൈഭവിന്റെ അരങ്ങേറ്റത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയായിരുന്നുവെന്ന് പാർത്ഥിവ് പറഞ്ഞു. പ്രായം മാത്രമല്ല, ചരിത്ര നേട്ടം കൂടിയായതിനാൽ ഇത് ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയ നിമിഷമാണെന്നും അദ്ദേഹം വിലയിരുത്തി.

അരങ്ങേറ്റ മത്സരത്തിൽ വൈഭവ് 14 റൺസാണ് നേടിയത്. എന്നാൽ സ്കോർബോർഡിലെ സംഖ്യയെക്കാൾ പ്രധാനപ്പെട്ടത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനമാണെന്ന് പാർത്ഥിവ് അഭിപ്രായപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് ഓരോ ക്രിക്കറ്ററുടെയും സ്വപ്നമാണെന്നും ആ അനുഭവം വൈഭവ് ജീവിതകാലം മുഴുവൻ ഓർത്തുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിനിടെ ഇംഗ്ലീഷ് പേസർ ജോഫ്രെ ആർച്ചർക്കെതിരെ വൈഭവ് കളിച്ച ഫ്ലിക്ക് ഷോട്ട് പ്രത്യേകമായി ചൂണ്ടിക്കാട്ടിയ പാർത്ഥിവ്, യുവതാരത്തിന്റെ അസാധാരണ കഴിവിന്റെ തെളിവായിരുന്നു ആ ഷോട്ടെന്ന് വ്യക്തമാക്കി. വൈഭവിന് മുന്നിൽ വലിയ ഭാവിയാണുള്ളതെന്നും ഇന്ത്യയുടെ അടുത്ത തലമുറയിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിൽ ഒരാളായി അദ്ദേഹം വളരുമെന്നുമാണ് പാർത്ഥിവിന്റെ വിലയിരുത്തൽ.

“അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എല്ലാവർക്കും അറിയാം. ആകാശമാണ് അദ്ദേഹത്തിന്റെ പരിധി. വരും വർഷങ്ങളിൽ ധാരാളം റൺസ് നേടുകയും ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്യും. ഇത്രയും ചെറുപ്പത്തിൽ ഇത്ര വലിയ പ്രതീക്ഷകൾ ചുമക്കുന്ന താരങ്ങൾ അപൂർവമാണ്. ആ പ്രതീക്ഷകളെ നേരിടാനുള്ള ആത്മവിശ്വാസം വൈഭവ് ഇതിനോടകം കാണിച്ചുകഴിഞ്ഞു,” പാർത്ഥിവ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക