സ്നാപ്ചാറ്റ് പ്രണയം ; അതിർത്തി കടന്നെത്തിയ പാക് യുവാവിനെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനും പൂർവികരുടെ സ്വത്തിൽ അവകാശം സ്ഥാപിക്കാനുമെന്ന ലക്ഷ്യത്തോടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് അധിനിവേശ കശ്മീർ സ്വദേശിയായ യുവാവിനെ ഇന്ത്യൻ സൈന്യം മാനുഷിക പരിഗണനകൾ മുൻനിർത്തി പാകിസ്താനിലേക്ക് തിരിച്ചയച്ചു. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷമാണ് യുവാവിനെ സുരക്ഷിതമായി കൈമാറിയത്.

പാക് അധിനിവേശ കശ്മീരിലെ സ്വദേശിയായ സീഷൻ മിർ (22) കശ്മീരിലെ ബാരാമുള്ള ജില്ലയിലെ തുൽവാരി സ്വദേശിനിയായ ഇറാം ബാനോയെ സ്നാപ്ചാറ്റിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഈ പരിചയം അടുത്ത ബന്ധമായി വളർന്നു. ഇതിനിടെ, തന്റെ പൂർവികർ ഇറാം ബാനോ താമസിക്കുന്ന അതേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് സീഷൻ മനസ്സിലാക്കി.

സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബ ഉത്തരവാദിത്തങ്ങളും നേരിടുകയായിരുന്ന സീഷൻ തന്റെ സാഹചര്യം ഇറാമുമായി പങ്കുവെച്ചിരുന്നു. ഇതോടെയാണ് പൂർവികരുടെ ഗ്രാമത്തിലേക്ക് എത്തി സ്വത്തവകാശം ഉന്നയിക്കണമെന്ന ആശയം രൂപപ്പെട്ടത്. അതിർത്തി കടന്ന് ഇന്ത്യയിലെത്തി സൈന്യത്തിന് കീഴടങ്ങുക, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഗ്രാമത്തിൽ സ്ഥിരതാമസമാക്കുക എന്നതായിരുന്നു ഇരുവരും ചേർന്ന് തയ്യാറാക്കിയ പദ്ധതിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഈ പദ്ധതിയുടെ ഭാഗമായാണ് മെയ് 31-ന് സീഷൻ നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ചത്. എന്നാൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിനിടെ സീഷൻ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിനായി ഇറാം ബാനോയെയും അധികൃതർ വിളിച്ചുവരുത്തി. സീഷനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം നടത്തി. ഗൂഢാലോചനയോ സുരക്ഷാ ഭീഷണിയോ ഇല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് യുവാവിനെ തിരിച്ചയക്കാൻ തീരുമാനിച്ചത്.
ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് പുറത്തിറക്കിയ വിവരമനുസരിച്ച്, ഇന്നലെ ഉച്ചയ്ക്ക് 12.24-ന് കമാൻ അമൻ സേതു വഴി സീഷൻ മിറിനെ പാകിസ്താൻ സൈനിക അധികാരികൾക്ക് ഔദ്യോഗികമായി കൈമാറി.

ഇന്ത്യയിൽ കഴിയുന്ന കാലയളവിൽ സീഷനോട് ബഹുമാനത്തോടെയും മാനുഷിക പരിഗണനയോടെയും പെരുമാറിയതായി സൈന്യം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ പ്രൊഫഷണലിസത്തിന്റെയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഉദാഹരണമാണ് ഈ നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക