ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ വനംവകുപ്പിന് ആവശ്യമായ വിവരങ്ങൾ കൈമാറി. മോഹൻലാലിന്റെ വസതിയിലെത്തി ഉദ്യോഗസ്ഥർ രണ്ട് ജോഡി ആനക്കൊമ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് ആനക്കൊമ്പുകൾ നിയമപരമായി സറണ്ടർ ചെയ്യാനുള്ള നടപടികളിലേക്ക് താരം കടക്കുന്നത്.
2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കൊച്ചിയിലെ തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ നിന്ന് രണ്ട് ആനക്കൊമ്പുകളും 13 ആനക്കൊമ്പ് നിർമിത കരകൗശല വസ്തുക്കളും കണ്ടെത്തിയത്. തുടർന്ന് വിവരം വനംവകുപ്പിന് കൈമാറുകയും വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.
ആനക്കൊമ്പുകൾ കൈവശം വെക്കുന്നതിനുള്ള ലൈസൻസ് രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് വനംവകുപ്പ് മോഹൻലാലിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. 2015-ൽ പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുള്ള നടപടികൾ അന്നത്തെ സർക്കാർ ആരംഭിച്ചിരുന്നു.
തുടർന്ന് ആനക്കൊമ്പുകൾ കൈവശം വെക്കുന്നതിനായി സർക്കാർ ലൈസൻസ് അനുവദിച്ചെങ്കിലും, ആ നടപടി പിന്നീട് ഹൈക്കോടതി റദ്ദാക്കി. ലൈസൻസ് അനുവദിക്കുന്നതിൽ സർക്കാർ പാലിച്ച നടപടിക്രമങ്ങളിൽ സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.
ഇപ്പോൾ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി ആനക്കൊമ്പുകളുടെ വിവരങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് സറണ്ടർ നടപടികൾ പൂർത്തിയാക്കാനാണ് മോഹൻലാൽ ഒരുങ്ങുന്നത്.
