പൂനെയിൽ പ്രതിശ്രുത വരന്റെ കൊലപാതകക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിലെ മുഖ്യപ്രതിയായ സിയ ഗോയൽ വിവാഹത്തിന് താൽപര്യമില്ലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചാറ്റ് സന്ദേശങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. വിവാഹച്ചടങ്ങിലേക്ക് പോകാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ, “വിവാഹം ഒരിക്കലും നടക്കില്ലെങ്കിലും രേഖകൾ അയക്കൂ” എന്നാണ് സിയ മറുപടി നൽകിയതെന്നാണ് വിവരം.
ഇതിനിടെ, കേസിൽ പ്രതികളുടെ നുണപരിശോധന (ലൈ ഡിറ്റക്ടർ ടെസ്റ്റ്) നടത്താനുള്ള പോലീസിന്റെ നീക്കം തടസ്സപ്പെട്ടു. സിയയും സഹപ്രതിയും കോടതിയിൽ പരിശോധനയ്ക്ക് സമ്മതമല്ലെന്ന് അറിയിച്ചതോടെ പരിശോധന നടത്താനാകാത്ത സാഹചര്യമാണുള്ളത്. പ്രതികളുടെ സമ്മതമില്ലാതെ നുണപരിശോധന നടത്താനാവില്ലെന്നാണ് നിയമം.
അതേസമയം, മാധ്യമപ്രവർത്തകർക്ക് നേരെ സിയ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം കുടുംബം തള്ളി. പരിക്കേറ്റ വിരൽ ഉയർത്തിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് സിയയുടെ പിതാവ് പ്രവീൺ ഗോയൽ വിശദീകരിച്ചു.
കേസിൽ നേരിട്ടുള്ള ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ പ്രധാന വെല്ലുവിളി. ലോഹഗഡ് കോട്ടയിലേക്ക് മുഖം മറച്ച് എത്തുന്ന ചേതൻ ചൗധരിയുടെ ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് ഫോറൻസിക് ഗെയ്റ്റ് അനാലിസിസ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. കൊലപാതകം എങ്ങനെ നടത്തിയെന്നത് പ്രതികൾ അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തതായും, സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങൾ ചേതന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
