ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന; മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തമിഴ്‌നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജിക്കും സഹോദരൻ ആർ.വി. അശോക് കുമാറിനുമെതിരെ ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ടിവികെ എംഎൽഎമാരെ സ്വാധീനിക്കാൻ കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തെന്ന പരാതിയിലാണ് നടപടി.

ഉത്തങ്ങരൈ ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ പേരിൽ 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായും നിരസിച്ചതിനെ തുടർന്ന് കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എംഎൽഎ ആരോപിച്ചു.

കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ സെന്തിൽ ബാലാജിയുടെയും അശോക് കുമാറിന്റെയും നിർദേശപ്രകാരമാണ് ഗൂഢാലോചന നടന്നതെന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. ഇതിനെ തുടർന്ന് ഇരുവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ട്.

അന്വേഷണത്തിനിടെ എംഎൽഎമാരെ സ്വാധീനിക്കാൻ 180 കോടി രൂപ നീക്കിവെച്ചതായി സൂചന ലഭിച്ചതിനെ തുടർന്ന് കരൂർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, സ്വതന്ത്ര തെളിവുകളില്ലാതെ തന്നെ കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് അശോക് കുമാർ മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ ഡിഎംകെ നേതൃത്വമാണെന്ന് ടിവികെ ആരോപിക്കുമ്പോൾ, കേസ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്നാണ് ഡിഎംകെയുടെ നിലപാട്. പരസ്പര ആരോപണങ്ങളും അറസ്റ്റുകളും നിറഞ്ഞ കേസ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക